ഹൈദരാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി എംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. ‘ഇന്ത്യ എന്റെ പിതാവിന്റെ രാജ്യമാണ്. ഇവിടെ നിന്നും പോകാന്‍ ആര്‍ക്കും എന്നെ നിര്‍ബന്ധിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഒവൈസി ഇവിടെ നിന്നും പോകേണ്ടി വരും എന്ന ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘പ്രവാചകനായ ആദം പറുദീസയില്‍ നിന്നും താഴേയ്ക്കു വന്നപ്പോള്‍, അദ്ദേഹം ഇന്ത്യയില്‍ വന്നു എന്നത് എന്റെ മതവിശ്വാസമാണ്. അതുകൊണ്ട് ഇന്ത്യ എന്റെ പിതാവിന്റെ രാജ്യമാണ്. ആര്‍ക്കും എന്നെ ഇവിടെനിന്നും ഓടിക്കാന്‍ സാധിക്കില്ല,’ ഞായറാഴ്ച രാത്രി മജ്‌ലീസ്-ഇ-ഇത്തെഹാദുള്‍ മുസ്‌ലിമിന്‍ (എംഐഎം) തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ഹൈദരാബാദ് എംപി ഒവൈസി പറഞ്ഞു.

ഇത്തരം ഭീഷണികള്‍ തന്നെ ഭയപ്പെടുത്തില്ലെന്നും ഇത് യോഗി ആദിത്യനാഥ് പറഞ്ഞതാണെങ്കിലും ഭാഷയും മനോഭാവവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

യോഗി ഒരു മുഖ്യമന്ത്രിയെ പോലെ സംസാരിക്കണമെന്നും ആ പദവിയുടെ മാന്യത കാത്തു സൂക്ഷിക്കണമെന്നും ഒവൈസി പറഞ്ഞു. മസ്‌തിഷ്‌കവീക്കം സംഭവിച്ച് ഓരോ വര്‍ഷവും 150ഓളം കുട്ടികള്‍ മരിക്കുന്ന തന്റെ മണ്ഡലത്തെ ആദ്യം യോഗി ശ്രദ്ധിക്കട്ടെയെന്നും ഒവൈസി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook