ഇന്ത്യയുടെ തീരദേശ പരിപാലനത്തിനായി പുതിയ രക്ഷാ സേനയെ രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള ഉന്നത തല യോഗങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കടലുമായി അതിർത്തി പങ്കിടുന്ന രാജ്യത്തിന്റെ ഭാഗത്ത് സുരക്ഷയൊരുക്കുകയാവും ഈ സേനയുടെ ചുമതല.

ജലാതിർത്തിയ്ക്ക് അകത്ത് ഇന്ത്യയുടെ രാജ്യതാത്പര്യങ്ങളെ സംരക്ഷിക്കുകയും തീരദേശ നിയമം പരിപാലിക്കുകയും ചെയ്യുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന് ഈ രംഗത്ത് ഭാരിച്ച ചുമതലയുള്ളതിനാലാണ് പുതിയ സേന വിഭാഗത്തെ രൂപീകരിക്കുന്നത്.

കോസ്റ്റൽ ബോർഡർ പൊലീസ് ഫോഴ്സിനായുള്ള വിശദമായ പഠനം ഇതിനോടകം നടത്തിക്കഴിഞ്ഞിട്ടുണ്ട്. 13 സംസ്ഥാനങ്ങളിലായി ഇന്ത്യയ്ക്ക് 7516 കിലോമീറ്റർ ദൈർഘ്യമുള്ള തീര അതിർത്തിയാണുള്ളത്. ഇതിന് പുറമേ ചെറുതും വലുതുമായി 1197 ദ്വീപുകളും ഇന്ത്യയുടെ തീര അതിർത്തിക്കകത്തുണ്ട്.

മറ്റൊരു തീര സൈനിക വിഭാഗമായ സിഎപിഎഫിലെ സൈനികരുടെ ബുദ്ധിമുട്ടുകളും ഇന്ന് നടന്ന യോഗം ചർച്ച ചെയ്തു. അതിർത്തി രക്ഷാ സേനയുടെ വ്യോമ വിഭാഗത്തിന്റെ സായുധശേഷി വിലയിരുത്തിയ യോഗത്തിൽ സിഎപിഎഫിന്റെ ആവശ്യങ്ങൾ അനുഭാവ പൂർവ്വംപരിഗണിക്കുന്നതിന് തീരുമാനമായി.

സിഎപിഎഫിൽ കൂടുതൽ യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ