ന്യൂഡൽഹി: ഇന്ത്യയും മാലിദ്വീപും ഉഭയകക്ഷി വിസാ ചട്ടങ്ങൾ ഇളവ് വരുത്തുന്നു. മാലിദ്വീപിലെ വിദേശികളിൽ രണ്ടാമതുളളത് ഇന്ത്യാക്കാരാണ്. 22000 ത്തോളം ഇന്ത്യാക്കാരാണ് ദ്വീപ് രാഷ്ട്രത്തിൽ ജോലി ചെയ്യുന്നത്.

മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേക്ക് പഠിക്കാനായി നിരവധി വിദ്യാർത്ഥികളെത്തുന്നുണ്ട്. ഇവർക്ക് കൂടി സഹായകരമാകുന്ന രീതിയിലാണ് ചട്ടങ്ങളിൽ ഇളവ് വരുത്തിയത്. ഇന്ത്യയിൽ പഠിക്കുന്ന മാലിദ്വീപിൽ നിന്നുളള വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് ആശ്രിത വിസ ലഭിക്കും.

മാലിദ്വീപിൽ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഫീസടച്ച് 15 ദിവസത്തിനുളളിൽ ഇത് ലഭിക്കും. മാർച്ച് 11 മുതൽ പുതുക്കിയ വ്യവസ്ഥകൾ നിലവിൽ വരും. കഴിഞ്ഞ വർഷം ഡിസംബർ 17 ന് മാലലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സ്വലിഹ് ഇന്ത്യയിലെത്തിയപ്പോഴാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ തൊഴിലിനും വിദ്യാഭ്യാസത്തിനുമായി വിസയ്ക്ക് അപേക്ഷിക്കുന്ന മാലിദ്വീപുകാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുളളത്. തിരുവനന്തപുരം, ബെംഗലുരു എന്നിവിടങ്ങളിലാണ് ഇവരിൽ കൂടുതൽ പേരും എത്തിയിട്ടുളളത്.

നേരത്തെ 90 ദിവസത്തെ ടൂറിസ്റ്റ് വിസയാണ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അനുവദിച്ചിരുന്നത്. ഇനി മുതലിത് ആശ്രിത വിസയാണ്. അതിനാൽ തന്നെ വിദ്യാർത്ഥികളുടെ പഠനകാലം പൂർത്തിയാകുന്നത് വരെ മാതാപിതാക്കൾക്ക് ഇന്ത്യയിൽ താമസിക്കാൻ സാധിക്കും.

മാലിദ്വീപിൽ നിന്നുളള ഒരാൾ ക്ഷണിച്ചാൽ മാത്രമേ ഇന്ത്യാക്കാർക്ക് ഇവിടെ ബിസിനസ് ചെയ്യാൻ സാധിക്കൂ എന്ന നിബന്ധനയും മാറ്റി. ഇനി മുതൽ ഇന്ത്യാക്കാർക്ക് ബിസിനസ് തുടങ്ങാൻ മാലിദ്വീപിൽ തദ്ദേശവാസിയുടെ പിന്തുണവേണ്ട.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook