ന്യൂഡല്‍ഹി: അതിവേഗത്തില്‍ വളരുന്ന സമ്പദ്‌ശക്തി എന്ന സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമായി. മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ ബുധനാഴ്ച ഉണ്ടായ ഇടിവിനെത്തുടർന്നാണ് ഇന്ത്യയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടത്. രണ്ടു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന സ്ഥിതിയിലേക്കാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇടിഞ്ഞത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള 6.1ശതമാനം വളര്‍ച്ച എന്നത് 6.5 എന്ന ഏറ്റവും താഴ്ന്ന പ്രവചനത്തേക്കാള്‍ കുറവാണ് എന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട്‌ ചെയ്തു. 2017ലെ ആദ്യ മൂന്ന് മാസത്തില്‍ ചൈനയ്ക്ക് ഉണ്ടായിരുന്ന 6.9 ശതമാനമെന്ന കുറഞ്ഞ വളര്‍ച്ചയെക്കാള്‍ കുറവായ ശതമാനത്തിലാണ് ഇന്ത്യ എത്തിനില്‍ക്കുന്നത്.

കഴിഞ്ഞ നവംബറിലെ നോട്ടുനിരോധനം സമ്പദ് വളര്‍ച്ചയ്ക്ക് ഗുണകരമാവും എന്ന്‍ ധനകാര്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ ഇത്തരത്തിലൊരു തിരിച്ചടി അപ്രതീക്ഷിതമാണ്. ലഭ്യമായ കണക്കുകളിലെ അസ്വാഭാവികതകള്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ നേരിടുന്ന അടിസ്ഥാന അസമത്വങ്ങള്‍ ആണ് കാണിക്കുന്നത്.

Read More: നോട്ട് നിരോധനം തളര്‍ത്തിയില്ലെന്ന് അരുണ്‍ ജെയ്റ്റ്‍ലി; ‘ആഭ്യന്തര വളര്‍ച്ചയെ ബാധിച്ചത് ആഗോള സാഹചര്യം’

മൂലധനനിക്ഷേപം പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുന്നില്ല എങ്കിലും ഉപഭോക്തൃ, സര്‍ക്കാര്‍ ചെലവുകളില്‍ ഇപ്പോഴും വര്‍ദ്ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ സ്വകാര്യ നിക്ഷേപങ്ങളെ വളര്‍ത്തുവാനായി പൊതുചെലവുകളില്‍ വർധനവുണ്ടായിട്ടുണ്ട്. റോഡ്‌, റെയില്‍, ഊര്‍ജ്ജ പദ്ധതികള്‍ എന്നിവയ്ക്കായി ദശലക്ഷക്കണക്കിനു ഡോളറുകള്‍ ചെലവിട്ടു എങ്കിലും കോര്‍പ്പറേറ്റ് ചെലവില്‍ ഇതിനനുസരിച്ച് ഒരു മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് വിദഗ്‌ധര്‍ നിരീക്ഷിക്കുന്നത്.

മാർച്ച് മാസത്തിൽ മൂലധന നിക്ഷേപത്തിലും 2.1 ശതമാനത്തിന്‍റെ കുറവ് സംഭവിച്ചു. “സ്വകാര്യ നിക്ഷേപകരുടെ കുറവോ അവരുടെ ഇല്ലായ്മയോ ആണ് വലിയ വെല്ലുവിളി” എന്നാണ് കോട്ടക് മഹീന്ദ്ര ബാങ്കിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ദ്ധനായ ഉപാസന ഭരദ്വാജ് പറയുന്നത്.

മാർച്ചിൽ അവസാനിക്കുന്ന 2016/17 സാമ്പത്തിക വർഷത്തില്‍ ഇന്ത്യ 7.1 ശതമാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്പാദന വളര്‍ച്ചയാണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8.0 ശതമാനമായിരുന്നു മൊത്തം ആഭ്യന്തര ഉല്പാദനത്തിലെ വളര്‍ച്ച.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook