ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ വർധനവ്. 578 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നു 156 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ, 142. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും (141) കേരളവുമാണ് (57).
ഒമിക്രോൺ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ ഇന്നു മുതൽ നിലവിൽ വരും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. വ്യാപാര സ്ഥാപനങ്ങളും മാളുകളും രാത്രി 11നുശേഷം തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് നിർദേശമുണ്ട്. ഒമിക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെയാണ് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണം. കർണാടകയും ഡിസംബർ 28 മുതലൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
Read More: കോവിഡ്: രണ്ടാം ഡോസെടുത്ത് 9 മാസമെങ്കിലും കഴിഞ്ഞവർക്ക് കരുതൽ ഡോസ്