ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. ഇന്ന് 12,591 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏകദേശം എട്ടുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. സജീവ കേസുകളുടെ എണ്ണം 65,286 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു.
40 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,31,230 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4.48 കോടിയാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.46 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.32 ശതമാനവുമാണ്.
സജീവ കേസുകൾ മൊത്തം അണുബാധയുടെ 0.15 ശതമാനമാണ്. അതേസമയം, ദേശീയ രോഗമുക്തി നിരക്ക് 98.67 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 4,42,61, 476 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്. ഇതുവരെ 220.66 കോടി വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ ഡോസുകൾ നൽകുന്നത് ഏപ്രിൽ മുതൽ കേന്ദ്രം നിർത്തി. നിർമാതാക്കളിൽനിന്ന് കോവിഡ് വാക്സിൻ നേരിട്ടുവാങ്ങാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായാണ് മനസിലാക്കുന്നത്. ആവശ്യക്കാരുടെ എണ്ണം കുറവായ സാഹചര്യത്തിൽ മൊത്തമായി വാക്സിൻ വാങ്ങി പാഴാകുന്നത് തടയാനാണ് പുതിയ തീരുമാനമെന്നാണ് അധികൃതർ പറയുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ നിർമാതാക്കളിൽ നിന്ന് നേരിട്ട് ആവശ്യമായ കോവിഡ് വാക്സിൻ ഡോസുകൾ വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പിഎംഒ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.