ഹൈദരാബാദ്: ലോക്ക്ഡൗൺ തുടങ്ങി 40 ദിവസങ്ങൾ തികയാറാകുമ്പോൾ, ഇതര സംസ്ഥാന തൊഴിലാളികളെയും വഹിച്ചു കൊണ്ടുളള ആദ്യ ട്രെയിൻ തെലങ്കാനയിൽനിന്നും പുറപ്പെട്ടു. ഇന്നു പുലർച്ചെ അഞ്ചിനാണ് തെലങ്കാനയിലെ ലിംഗപ്പളളിയിൽനിന്നും ജാർഖണ്ഡിലെ ഹാട്ടിയയിലേക്ക് ട്രെയിൻ പുറപ്പെട്ടത്.
വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയവും റെയിൽവേ മന്ത്രാലയും തമ്മിൽ നടന്ന യോഗത്തിനുശേഷമായിരുന്നു ഈ നീക്കം. കൂടുതൽ ട്രെയിനുകൾ ഇത്തരത്തിൽ സർവീസ് നടത്താൻ നീക്കം നടക്കുന്നതായി വൃത്തങ്ങൾ പറയുന്നു. അതേസമയം, ഔദ്യോഗികമായി ഒരു സർവീസ് മാത്രമേ റെയിൽവേ ഇതുവരെ അറിയിച്ചിട്ടുളളൂ.
”തെലങ്കാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരവും റെയിൽവേ മന്ത്രാലയത്തിൽനിന്നുളള നിർദേശ പ്രകാരവും ഇന്നു പുലർച്ചെ ലിംഗപ്പളളിയിൽനിന്നും ഹാട്ടിയയിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ പുറപ്പെട്ടു. യാത്രക്കാർക്കെല്ലാം സ്ക്രീനിങ്, സ്റ്റേഷനിൽ സാമൂഹിക അകലം പാലിക്കുക അടക്കമുളള എല്ലാ മുൻകരുതലുകളും എടുത്തിരുന്നു,” റെയിൽവേ മന്ത്രാലയ വക്താവ് ആർ.ഡി.ബാജ്പായ് പറഞ്ഞു.
ഒരു സ്പെഷൽ ട്രെയിൻ മാത്രമാണ് നിലവിൽ സർവീസ് നടത്തിയത്. യാത്ര പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന സംസ്ഥാനങ്ങളുടെ അഭ്യർത്ഥനയും റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരവും മാത്രമേ കൂടുതൽ സർവീസ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കൂ.
Read Also: ലോക്ക്ഡൗണ് കാലത്തെ ആശ്വാസം; പാചകവാതക വില വീണ്ടും കുറഞ്ഞു
24 കോച്ചുകളടങ്ങിയ ട്രെയിൻ റെയിൽവേയുടെ ഷെഡ്യൂൾ അനുസരിച്ച് ഉച്ചയ്ക്ക് 11 മണിയോടെയായിരിക്കും റാഞ്ചിക്ക് അടുത്തുളള ഹാട്ടിയയിൽ എത്തിച്ചേരുക. ഈ നോൺ-സ്റ്റോപ്പ് ട്രെയിനിൽ ക്രൂ മാറ്റുന്നതിനും നനയ്ക്കുന്നതിനും മാത്രമായിരിക്കും ഓപ്പറേഷൻ നിർത്തലാക്കുക. ഓരോ കോച്ചിലും 54 പേർ വീതമാണുളളത്. ബാൽഹർഷ കടന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലൂടെ റായ്പൂരിലെത്തും. സാമൂഹിക അകലം അടക്കമുളള നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ട്രെയിനിൽ റെയിൽവേ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് കോച്ചുകൾ മുഴുവൻ വൃത്തിയാക്കിയിരുന്നു.
ഞങ്ങളുടെ അംഗങ്ങൾ ട്രെയിനിലുണ്ട്. ഭക്ഷണം, സുരക്ഷാ കവചം തുടങ്ങി എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ആർപിഎഫ് ഡിജി അരുൺ കുമാർ ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.
ലോക്ക്ഡൗൺ മൂലം കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ബസിൽ അവരവരുടെ നാടുകളിലേക്ക് എത്തിക്കാമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ട്രെയിൻ സൗകര്യം അനുവദിക്കണമെന്നുമാണ് രാജസ്ഥാൻ, മഹാരാഷ്ട്ര, ജാർഖണ്ഡ് അടക്കമുളള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഈ വിഷയം റെയിൽവേ മന്ത്രി പീയുഷ് ഗോയലുമായി സംസാരിച്ചു. ഇന്ത്യയിലെമ്പാടുമായി 9 ലക്ഷം ജാർഖണ്ഡ് സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നതെന്ന് അദ്ദേഹം റെയിൽവേ മന്ത്രിയെ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ട്രെയിൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വ്യാഴാഴ്ച ബിഹാർ ഉപമുഖ്യ മന്ത്രി സുശീൽ മോദിയും രംഗത്തുവന്നിരുന്നു.
Read in English: India lockdown: First train carrying 1,000 migrants leaves from Telangana for Jharkhand