ന്യൂഡൽഹി: അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കൂടുതൽ ഇളവുകൾ അനുവദിച്ചായിരിക്കും അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക. രണ്ട് മാസത്തോളമായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയേക്കും. അതല്ലെങ്കിൽ ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ അധികാരം നൽകിയേക്കും.
ഇളവുകളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ കേന്ദ്രം കൂടുതൽ അധികാരം നൽകാനാണ് സാധ്യത. മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും തുറക്കുന്നതുമായി ബന്ധപ്പെട്ടും ഇന്ന് തീരുമാനമുണ്ടാകും. രണ്ടാം മോദി സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്ന ദിവസമാണിന്ന്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാൻ സാധ്യതയുണ്ട്. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ ഇപ്പോൾ നിരോധനാജ്ഞയുണ്ട്. ആ സമയത്ത് യാത്രകൾ അനുവദിക്കില്ല. എന്നാൽ, അഞ്ചാം ഘട്ട ലോക്ക്ഡൗണിൽ ഇക്കാര്യത്തിലും ഇളവ് നൽകിയേക്കും. രാത്രിയാത്ര ഒൻപത് മണിവരെ അനുവദിച്ചേക്കും.
Read Also: ലോക്ക്ഡൗൺ 5.0 മാർഗനിർദേശങ്ങൾ: എന്തൊക്കെ തുറക്കാം, എന്തൊക്കെ അടഞ്ഞുകിടക്കും?
കോവിഡ്-19 അതിരൂക്ഷമായ രാജ്യത്തെ 13 നഗരങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും. റെഡ് സോണുകളിൽ ഇളവ് അനുവദിക്കില്ല. അതേസമയം, ആരാധനാലയങ്ങൾ തുറന്നുനൽകാൻ അനുമതി ലഭിച്ചാലും ആളുകൾ ചേരുന്ന പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. സംസ്ഥാന അതിർത്തികളിൽ നിയന്ത്രണം ലഘൂകരിക്കാനും സാധ്യതയുണ്ട്.
അതസമയം, ലോക്ക്ഡൗണിന്റെ നാലാം ഘട്ടം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തി. ലോക്ക്ഡൗൺ ദീർഘിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വച്ച അഭിപ്രായങ്ങളും നിർദേശങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാരുമായി അമിത് ഷാ വ്യാഴാഴ്ച സംസാരിച്ചിരുന്നു. മേയ് 31 നു ശേഷം ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ചുളള അഭിപ്രായങ്ങൾ മുഖ്യമന്ത്രിമാരിൽനിന്നും തേടുകയും ചെയ്തിരുന്നു.