/indian-express-malayalam/media/media_files/uploads/2023/01/air-india.jpg)
പ്രതീകാത്മക ചിത്രം
ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച 'ഓപ്പറേഷൻ അജയ്' ഇന്ന് മുതൽ ആരംഭിക്കും. 'ഓപ്പറേഷൻ അജയ്' എന്നാണ് ദൌത്യത്തിന് പേരിട്ടിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബുധനാഴ്ച രാത്രി ട്വീറ്റ് ചെയ്തു. ഇതിനായി പ്രത്യേക ചാർട്ടേർഡ് വിമാനങ്ങളും മറ്റു സംവിധാനങ്ങളും കേന്ദ്ര സർക്കാർ ഒരുക്കും. ഇന്ത്യയിലേക്ക് തിരികെവരാൻ ആഗ്രഹിക്കുന്ന ആളുകളെ ഘട്ടം ഘട്ടമായി തിരിച്ചെത്തിക്കാനാണ് നീക്കം. ഇന്ത്യൻ എംബസി ഇസ്രയേൽ സർക്കാരുമായി ബന്ധപ്പെടുന്നുണ്ട്.
ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുകയും യുദ്ധത്തിൽ കുടുങ്ങിപ്പോയ തങ്ങളുടെ ആളുകളെ നാട്ടിലേക്ക് കൊണ്ടുവരാൻ രാജ്യങ്ങൾ നെട്ടോട്ടമോടുകയും ചെയ്യുമ്പോഴാണ് ഓപ്പറേഷൻ അജയ് ആരംഭിക്കുന്നതായി ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചത്. പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ വഴി ഇന്ത്യൻ പൗരന്മാർക്ക് മടങ്ങിവരാൻ ഇന്ത്യൻ സർക്കാർ സൗകര്യമൊരുക്കും. ആവശ്യമെങ്കിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും സർവ്വീസ് നടത്തും.
വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂർണ്ണമായും ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്തു. “ഇസ്രായേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന നമ്മുടെ പൗരന്മാർക്ക് മടങ്ങിവരാൻ സൗകര്യമൊരുക്കാൻ 'ഓപ്പറേഷൻ അജയ്' ആരംഭിക്കുന്നു. പ്രത്യേക ചാർട്ടർ ഫ്ലൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്," മന്ത്രി പറഞ്ഞു. വ്യാഴാഴ്‌ച പ്രത്യേക വിമാനത്തിൽ രജിസ്റ്റർ ചെയ്‌ത ഇന്ത്യൻ പൗരന്മാർക്ക് ആദ്യമായി ഇ-മെയിൽ അയച്ചതായി ടെൽ അവീവിലെ ഇന്ത്യൻ എംബസിയും അറിയിച്ചു. രജിസ്റ്റർ ചെയ്ത മറ്റ് ആളുകൾക്കുള്ള സന്ദേശങ്ങൾ, തുടർന്നുള്ള ഫ്ലൈറ്റുകളിൽ പിന്തുടരുമെന്നും അധികൃതർ അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദുമായി ജയശങ്കർ സംസാരിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്തെന്നും സമ്പർക്കം പുലർത്താൻ സമ്മതിച്ചെന്നും വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുകയും വൻതോതിലുള്ള കൊലപാതകങ്ങൾ നടത്തുകയും ചെയ്തതിന് ശേഷം ഒരു അറബ് രാഷ്ട്രത്തിന്റെ വിദേശകാര്യ മന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ സമ്പർക്കമായിരുന്നു ഇത്. ഹമാസിന്റെ ആക്രമണത്തെ യുഎഇയും ബഹ്‌റൈനും വിമർശിച്ചിരുന്നു.
ഓപ്പറേഷൻ അജയ്‌യുടെ ആദ്യപടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച 24 മണിക്കൂർ കൺട്രോൾ റൂം സ്ഥാപിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിവരങ്ങളും സഹായങ്ങളും നൽകാനും സഹായിക്കുകയാണ് കൺട്രോൾ റൂമിന്റെ ലക്ഷ്യം. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ന്യൂഡൽഹിയിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ: 1800118797 (ടോൾ ഫ്രീ), +91-11 23012113, +91-11-23014104, +91-11-23017905, +91996829 , situationroom@mea.gov.in.
അതോടൊപ്പം, ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവീവിലെ ഇന്ത്യൻ എംബസി +972-35226748, +972-543278392, cons1.telaviv@mea.gov.in എന്ന വിലാസത്തിൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു എമർജൻസി ഹെൽപ്പ്‌ലൈൻ സജ്ജമാക്കി. റാമല്ലയിലെ ഇന്ത്യൻ എംബസിയും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു എമർജൻസി ഹെൽപ്പ്‌ലൈനും സജ്ജീകരിച്ചു. +970-592916418 (കൂടാതെ WhatsApp), rep.ramallah@mea.gov.in. ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരോട് എംബസിയിൽ രജിസ്റ്റർ ചെയ്യാനും എംബസിഅധികൃതർ ഓർമ്മിപ്പിച്ചു: https://indembassyisrael.gov.in/whats?id=dwjwb .
ഏകദേശം 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രായേലിൽ താമസിക്കുകയും, ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നുണ്ട്. അവരിൽ വലിയൊരു വിഭാഗം നഴ്സുമാരാണ്. ഏകദേശം 1,000 വിദ്യാർത്ഥികളും നിരവധി ഐടി പ്രൊഫഷണലുകളും വജ്ര വ്യാപാരികളും ഇവിടെയുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യൻ പൗരന്മാരുടെ എണ്ണം, അവരുടെ നിലവിലെ സ്ഥാനം, അവിടങ്ങളിൽ നിന്ന് മാറാനുള്ള സന്നദ്ധത എന്നിവ കൺട്രോൾ റൂമുകൾ വിലയിരുത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.