ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ ഇന്ത്യ വെറുപ്പിന്റെയും നുണയുടെയും മണ്ണായി മാറിയെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസ്, സ്നേഹത്തിന്റെയും സത്യത്തിന്റെയും അഹിംസയുടെയും പുതിയ ഇന്ത്യ്ക്ക് വേണ്ടിയാണ് പരിശ്രമിച്ചതെന്നും സോണിയ ഗാന്ധി പറഞ്ഞു.

എന്തും ചെയ്യാനുളള സ്വാതന്ത്ര്യമായാണ് പാർലമെന്റിലെ ഭൂരിപക്ഷത്തെ കേന്ദ്രസർക്കാർ കാണുന്നതെന്നാണ് സോണിയ ഉന്നയിച്ച മറ്റൊരു വിമർശനം. “അവർ കരുതുന്നത് എന്തും നശിപ്പിക്കാനുളള ലൈസൻസാണ് ഈ ഭൂരിപക്ഷം എന്നാണ്. 60-65 വർഷം പഴക്കമുളള ജനാധിപത്യ സ്ഥാപനങ്ങളുടെ അടിത്തറ ഇല്ലാതാക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്,” സോണിയ പറഞ്ഞു.

“നിയമവ്യവസ്ഥയ്ക്ക് മുകളിൽ സ്വന്തം ചട്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ, ഇന്ത്യയുടെ ബഹുസ്വര സംസ്കാരം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ എന്നിവർക്കെതിരെ യോജിച്ച പോരാട്ടം ആണ് ഇപ്പോഴാവശ്യം,” സോണിയ കൂട്ടിച്ചേർത്തു.

നരേന്ദ്രമോദി സർക്കാറിനെ ജന വിരുദ്ധ സർക്കാരെന്നാണ് സോണിയ വിശേഷിപ്പിച്ചത്.

“മോദിജി പറഞ്ഞത്, അഴിമതി വാങ്ങില്ലെന്നും വാങ്ങാൻ അനുവദിക്കില്ലെന്നുമാണ്. എന്നാൽ അഴിമതി കൂടുക മാത്രേ ചെയ്തിട്ടുളളൂ,” സോണിയ വിമർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ