ന്യൂഡല്‍ഹി:ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ കാലാവധി 2024 ജൂണ്‍ വരെ നീട്ടാന്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് ഐകകണ്ഠേന തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ രണ്ടാം ദിവസമാണ് പ്രഖ്യാപനം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് നദ്ദയുടെ കാലാവധി നീട്ടാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചതെന്നും അമിത് ഷാ പറഞ്ഞു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയം ഉറപ്പാക്കണമെന്ന് യോഗത്തിന്റെ ആദ്യ ദിവസം നദ്ദ പാര്‍ട്ടി നേതാക്കളോട് പറഞ്ഞിരുന്നു. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയുടെ സര്വതോന്മുഖമായ പുരോഗതി ഉറപ്പാക്കിയിട്ടുണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയപ്രതീക്ഷകളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ചാണ് ബിജെപിയുടെ ഈ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നദ്ദയുടെയും സാന്നിദ്ധ്യം പൊതുതെരഞ്ഞെടുപ്പില്‍ 2019-നെക്കാള്‍ വലിയ ജനവിധിയോടെ ബിജെപി വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അമിത്ഷാ പറഞ്ഞു. പാര്‍ട്ടിയില്‍ നദ്ദയുടെ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു, പ്രത്യേകിച്ചും കോവിഡ് സമയത്ത് ജനങ്ങളെ സേവിക്കുന്നതിലും, പല സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. 2020 ജനുവരിയിലാണ് നദ്ദ അമിത് ഷായില്‍ നിന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.