/indian-express-malayalam/media/media_files/2026/03/01/dubai-israel-attack-2026-03-01-08-42-29.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ദുബായ്: ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ സംഘർഷം കനക്കുന്നു. യുഎഇയെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മൂന്നാം ഘട്ട മിസൈൽ ആക്രമണങ്ങളെത്തുടർന്ന് മേഖല അതീവ ജാഗ്രതയിലാണ്. സുരക്ഷാ കാരണങ്ങളാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് വേൾഡ് സെൻട്രൽ എന്നിവയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
Also Read: 'ഓപ്പറേഷൻ ഫ്യൂറി'ക്ക് നാലാഴ്ചയോളം നീണ്ടുനിൽക്കാം, മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു: ട്രംപ്
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ദുബായിലെ വിഖ്യാതമായ ബുർജ് അൽ അറബ് ഹോട്ടലിനുനേരെ വന്ന ഡ്രോൺ എയർ ഡിഫൻസ് തകർത്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ഹോട്ടലിന്റെ പുറംഭാഗത്ത് ചെറിയ രീതിയിലുള്ള തീപിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. ബുർജ് അൽ അറബിന് സമീപം ഡ്രോൺ അവശിഷ്ടങ്ങൾ വീഴുന്നതിന്റെയും തീപിടിത്തം ഉണ്ടായതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Also Read: യുഎസ്-ഇസ്രായേൽ ആക്രമണം; ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
യുഎഇയ്ക്ക് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദുബായ് മീഡിയ ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം, ആകാശത്ത് വച്ച് തടഞ്ഞ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ദുബായിലെ ജെബൽ അലി തുറമുഖത്ത് തീപിടത്തമുണ്ടായി. അപകടത്തിൽ ആർക്കെങ്കിലും പരുക്കേറ്റതായോ മരണം സംഭവിച്ചതായോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.
തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കുന്നതിനായി, 2021-ൽ ഇതേ തുറമുഖത്തുണ്ടായ തീപിടുത്തത്തിന്റെ പഴയ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ട പാം ജുമൈറയ്ക്ക് തൊട്ട് തെക്ക് ഭാഗത്താണ് ജെബൽ അലി തുറമുഖം സ്ഥിതി ചെയ്യുന്നത്.
Also Read: ഇറാൻ-ഇസ്രായേൽ സംഘർഷം: സംയമനം പാലിക്കണമെന്ന് ഇന്ത്യ; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം
അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു. പേര് വെളിപ്പെടുത്താത്ത ഒരു ഏഷ്യൻ രാജ്യത്തെ പൗരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിലെ വാണിജ്യ വിമാനത്താവളത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻസിറ്റ് ഹബ്ബും ഇത്തിഹാദ് എയർവേയ്‌സിന്റെ ആസ്ഥാനവുമാണ് ഈ വിമാനത്താവളം.
കരുതൽ നടപടിയുടെ ഭാഗമായി രാജ്യത്തിന്റെ വ്യോമപാത ഭാഗികമായി അടച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് വരരുതെന്നും അപ്‌ഡേറ്റുകൾക്കായി വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Also Read: 'ഓപ്പറേഷൻ റോറിംഗ് ലയൺ'; ഇറാനിലെ വ്യോമാക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ
മിഡിൽ ഈസ്റ്റിലെ വ്യോമപാത നിയന്ത്രണങ്ങൾ ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളെയും സാരമായി ബാധിച്ചു. ഇന്നലെ ഇന്ത്യയിൽ 410 വിമാനങ്ങൾ റദ്ദാക്കി. മാർച്ച് 1-ന് 444 വിമാനങ്ങൾ കൂടി റദ്ദാക്കിയേക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്നും യാത്രക്കാരുടെ പരാതികൾ പരിഹരിക്കാൻ 'എയർസേവ' വഴി പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ വർധിച്ചുവരുന്ന പശ്ചാത്തലത്തിലും വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഇന്ത്യൻ പൗരന്മാർക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും എംബസികളുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി അറിയിച്ചു.
Read More: പശ്ചിമേഷ്യ കത്തുന്നു; ഇറാനിൽ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ 40 മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us