ന്യൂഡല്‍ഹി: ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് ഭക്ഷണ-കാര്‍ഷിക വകുപ്പിന്റെ (എഫ്എഒ) റിപ്പോര്‍ട്ട്. അടുത്ത ദശാബ്ദത്തിലും ഈ സ്ഥാനത്ത് ഇന്ത്യ തുടരുമെന്നും എഫ്എഒ വ്യക്തമാക്കുന്നു.

എഫ്എഒ – ഒഇസിഡി സംയുക്ത റിപ്പോര്‍ട്ട് ഈ ആഴ്ച്ചയാണ് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 15.6 ലക്ഷം ടണ്‍ ബീഫാണ് വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതെന്ന് എഫ്എഒ – ഒഇസിഡിയുടെ 2017-2026 റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അടുത്ത പത്തു വര്‍ഷത്തേക്ക് ഈ സ്ഥാനത്തിന് ഒരു കോട്ടവും തട്ടില്ല. 2026 ഓടെ മൊത്തം ബീഫ് കയറ്റുമതിയില്‍ ആഗോള വിപണിയുടെ 16 ശതമാനം ഇന്ത്യ സ്വന്തമാക്കും. അപ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി 19.3 ലക്ഷം ടണ്‍ ആയി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതു തരത്തിലുളള ബീഫ് ഇറച്ചിയാണ് കയറ്റുമതി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഇതില്‍ ഏറ്റവും കൂടുതലും പോത്തിറച്ചിയാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്ത് മൊത്തം 1.9 കോടി ടണ്‍ ബീഫാണ് കയറ്റുമതി ചെയ്യപ്പെട്ടത്. 2026 ഓടെ ഇത് 1.24 കോടി ടണ്‍ ആയി ഉയരുമെന്നും എഫ്എഒ പറയുന്നു. കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ആസ്ട്രേലിയയാണ് രണ്ടാമത്. ഇതിന് പിറകിലായാണ് ഇന്ത്യ സ്ഥാനം പിടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ