ന്യൂയോര്‍ക്ക്: എക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഇന്ത്യയ്ക്ക് മറുപടിയുമായി പാക്കിസ്ഥാന്‍. ദക്ഷിണേഷ്യയില്‍ ഭീകരവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു. ഭീകരവാദം കയറ്റി അയക്കുന്ന നിര്‍മ്മാണ ശാലയാണ് പാക്കിസ്ഥാനെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കുറ്റപ്പെടുത്തിയതിന് മറുപടിയായാണ് മലീഹയുടെ വിമര്‍ശനം.

സുഷമ സ്വരാജിന്റെ വാക്കുകള്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനോടുളള ശത്രുത തുറന്നുകാട്ടുന്നതാണെന്നും അവര്‍ പറഞ്ഞു. “ജമ്മു കശ്മീരിലെ യഥാര്‍ത്ഥ പ്രശ്നം ഇന്ത്യ മറച്ചുവയ്ക്കുകയാണ്. ക്രൂരതയുടെ ക്യാംപെയിനാണ് ഇന്ത്യ കശ്മീരില്‍ നടത്തുന്നത്. വെടിവെച്ച് കൊലപ്പെടുത്തുകയും പാവപ്പെട്ട കശ്മീരി കുട്ടികളെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് അന്ധരാക്കുകയും ചെയ്യുകയാണ്. ലോകത്തെ പേര് കേട്ട ജനാധിപത്യ രാജ്യം ശരിക്കും ലോകത്തെ ഏറ്റവും വലിയ കപടനാട്യക്കാരാണ്”, ലോധി പറഞ്ഞു.

“ഗുജറാത്തിലെ ആയിരക്കണക്കിന് മുസ്ലിംങ്ങളുടെ രക്തം പുരണ്ട കൈകളുളള രാഷ്ട്രീയ സംഘടനയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. വര്‍ഗീയതയും ഫാസിസവും ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരാണ് ഇന്ത്യയിലുളളത്. മഹാത്മാ ഗാന്ധിയെ വധിച്ച ആര്‍എസ്എസ് എന്ന തീവ്രവാദ സംഘടനയുടെ നേതാക്കളാണ് ഇന്ത്യയുടെ തലപ്പത്ത്”, ലോധി കുറ്റപ്പെടുത്തി.

പാക്കിസ്ഥാന്‍ തീവ്രവാദമാണ് നടത്തുന്നതെന്നും സ്വയം പരിശോധിച്ച് വിലയിരുത്തണമെന്നും സുഷമ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പാക്കിസ്ഥാന്റെ വിമര്‍ശനം.

“മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രരായത്. പിന്നെ എന്തു കൊണ്ടാണ് ഇന്ത്യയിന്ന് ലോകത്തെ അറിയപ്പെടുന്ന വിവരസാങ്കേതിക ശക്തിയും, പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റി അയക്കുന്ന ഫാക്ടറിയും ആയി അറിയപ്പെടുന്നത്”, വിദേശകാര്യമന്ത്രി തുറന്നടിച്ചു.

“പാക്കിസ്ഥാനിൽ കാട്ടുതീ പോലെയാണ് ഭീകരവാദം പടരുന്നത്. ഇന്ത്യ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും സൃഷ്ടിക്കുമ്പോള്‍ ഭീകരവാദികളെയും ജിഹാദികളെയും മാത്രമാണ് പാക്കിസ്ഥാൻ ഇതുവരെ സൃഷ്ടിച്ചത്. മോദിയുടെ സമാധാനശ്രമങ്ങള്‍ക്ക് നേരെ പാക്കിസ്ഥാന്‍ മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. നിരന്തരം ഇന്ത്യയുമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം”, സുഷമ കൂട്ടിച്ചേര്‍ത്തു.

വർധിച്ച് വരുന്ന അക്രമങ്ങളും ഭീകരവാദവും കാലാവസ്ഥാ വ്യതിയാനവും ഉയര്‍ത്തുന്ന ഭീഷണിയാണ് ലോകം ഇന്ന് നേരിടുന്നതെന്ന് സുഷമ പറഞ്ഞു. “നിലവിലെ സര്‍ക്കാരിന്റെ പ്രധാന അജണ്ട ദാരിദ്രം തുടച്ചു നീക്കുക എന്നതാണ്. വികസനപ്രവൃത്തികള്‍ സാധ്യമാക്കാന്‍ ധീരവും കടുത്തതുമായ തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊണ്ടിട്ടുണ്ട്. അഴിമതിയുടെ ഭാഗമായ കളളപ്പണത്തിനെതിരെ കൊക്കൊണ്ട നോട്ട് നിരോധനം ഒരു ധീരമായ തീരുമാനമായിരുന്നു”, സുഷമ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ