കിബിത്തു: ചൈനയുമായുള്ള ഡോക്ലാം തര്‍ക്കം തുടരവെ ടിബറ്റൻ മേഖലയിൽ ഇന്ത്യ സൈനികവിന്യാസം കൂട്ടി. ചൈനയുമായി അതിർത്തി പങ്കിടുന്ന പർവത മേഖലയായ ദിബാംഗ്, ദൗദെലായ്, ലോഹിത് താഴ്വരകളിലാണ് കൂടുതൽ സൈനികരെ വിന്യസിച്ചത്. അതിർത്തിയിൽ ചൈന നടത്തുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.
ഏത് വെല്ലുവിളി നേരിടാനും നമ്മള്‍ തയ്യാറാണെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. മഞ്ഞ് മൂടിയ പർവതങ്ങൾ സ്ഥിതി ചെയ്യുന്നതും ഏറ്റവും അപകടകരവുമായ 17,000 അടി ഉയരത്തിലുള്ള ഭൂപ്രദേശങ്ങളിലും മേൽക്കൈ സ്ഥാപിക്കുന്നതിന് ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സൈനിക വിന്യാസം. ഹൈലിക്കോപ്റ്ററുകളും സജീവമായി പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ജൂണ്‍ 9-10നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെ ക്വിംഗ്ദോയില്‍ ഷാങായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. ചൈനയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകുമെന്ന് കരുതവെയാണ് പുതിയ സംഭവവികാസങ്ങള്‍.
ലോംഗ് റെയിഞ്ച് പട്രോളിംഗ് 15 മുതല്‍ 30 ദിവസം വരെ ചെറിയ ട്രൂപ്പുകളായി നടത്തുമെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തിയിൽ, പ്രത്യേകിച്ചും ടിബറ്റൻ മേഖലയിൽ ചൈന അടിസ്ഥാനസൗകര്യ വികസനം വർദ്ധിപ്പിക്കുകയാണ്. ഡോക്ലാമിനടുത്ത് ചൈന ഹെലിപാഡും കാവല്‍ പോസ്റ്റുകളും മതിലുകളും നിര്‍മ്മിച്ചതായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഈ മാസമാദ്യം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതല്‍ 73 ദിവസം നീണ്ട തര്‍ക്കത്തിനൊടുവില്‍ ഇന്ത്യയും ചൈനയും തമ്മിലുളള ബന്ധം അല്‍പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ചൈന വീണ്ടും നീക്കങ്ങള്‍ തുടങ്ങിയതോടെ അതിര്‍ത്തിയില്‍ ആശങ്ക ഉണരുകയാണ്.