ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യയുടെ അനുമതി തേടി താലിബാന് ഭരണകൂടം. ഇതുസംബന്ധിച്ച് അഫ്ഗാനിസ്ഥാന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇന്ത്യയിലെ സിവില്‍ ജനറല്‍ ഏവിയേഷനു(ഡിജിസിഎ) കത്തെഴുതി.
അഫ്ഗാനിസ്താന്റെ കാം എയര്‍, അരിയാന അഫ്ഗാന് എയര്‍ലൈന്‍ എന്നിവയുടെ ന്യൂഡല്‍ഹിയിലേക്കും തിരിച്ചമുള്ള സര്‍വിസ് പുനരാരംഭിക്കാനാണ് അനുമതി തേടിയിരിക്കുന്നത്. കത്ത് ലഭിച്ചതായി ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. എന്നാല്‍ ഇതൊരു നയപരമായ പ്രശ്നമായതിനാല്‍ വ്യോമയാന മന്ത്രാലയം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിസിഎ മേധാവിയെ അഭിസംബോധന ചെയ്ത് അഫ്ഗാനിസ്ഥാനിലെ വ്യോമയാന, ഗതാഗത ആക്ടിങ് മന്ത്രി അല്‍ഹജ് ഹമീദുള്ള അഖുന്‍സാദ സെപ്തംബര്‍ ഏഴിനാനു കത്തെഴുതിയത്. ”ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്രക്കാരുടെ സുഗമമായ സഞ്ചാരം നിലനിര്‍ത്തുകയെന്നതാണ് ഈ കത്തിന്റെ ഉദ്ദേശ്യം. ഞങ്ങളുടെ ദേശീയ വിമാനക്കമ്പനികള്‍ (അരിയാന അഫ്ഗാന് എയര്‍ലൈന്‍, കാം എയര്‍) ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടു. അതിനാല്‍ വാണിജ്യ യാത്രകള്‍ സുഗമമാക്കാന്‍ അഫ്ഗാനിസ്ഥാന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ത്ഥിക്കുന്നു,” അഖുന്‍സാദ കത്തില്‍ പറഞ്ഞു.
കാബൂളിന്റെ നിയന്ത്രണം താലിബാന് പിടിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 16നു അഫ്ഗാനിസ്ഥാന് വ്യോമമേഖലയെ ‘നിയന്ത്രണമില്ലാത്തത്’ ആയി പ്രഖ്യാപിക്കുകയും സിവിലിയന്‍ വിമാനസര്‍വിസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഖത്തറിന്റെ സഹായത്തോടെ കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ താലിബാന് സര്‍ക്കാരിനു കഴിഞ്ഞു. യുഎസ് സൈന്യത്തെ അഫ്ഗാനിസ്താനില്‍നിന്നു പിന്വലിച്ചതിനെത്തുടര്ന്ന ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നടത്തിയ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു കാബൂള്‍ വിമാനത്താവളം.
അരിയാന അഫ്ഗാന് എയര്‍ലൈന്‍ ആഭ്യന്തര വിമാന സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട്. താലിബാന് അധികാരം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ രാജ്യാന്തര വാണിജ്യ വിമാന സര്‍വിസ് പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സാണു നടത്തിയത്. സെപ്റ്റംബര്‍ 13 നു ഇസ്ലാമാബാദില്‍നിന്ന് കാബൂളിലേക്കായിരുന്നു ഇത്. കാബൂളില്‍നിന്നുള്ള പാകിസ്ഥാനിലേക്കും ഇറാനിലേക്കും അഫ്ഗാന് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
താലിബാന് അഫ്ഗാനിസ്താന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനു മുന്‍പ്, എയര്‍ ഇന്ത്യയും കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനക്കമ്പനിയായ സ്പൈസ് ജെറ്റും ഡല്‍ഹിയ്ക്കും കാബൂളിനും ഇടയില്‍ സര്‍വിസ് നടത്തിയിരുന്നു. കാബൂളിലേക്ക് ഓഗസ്റ്റ് 15 നാണ് എയര്‍ ഇന്ത്യ അവസാന സര്‍വിസ് നടത്തിയത്. സ്പൈസ് ജെറ്റാവട്ടെ അഫ്ഗാനിലേക്കുള്ള സര്‍വിസുകള്‍ കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം നിര്‍ത്തിവച്ചിരുന്നു.
മെഡിക്കല്‍ ടൂറിസ്റ്റുകളും വിദ്യാര്‍ത്ഥികളും വ്യാപാരികളുമാണ് ഈ വിമാനങ്ങളെ പ്രധാനമായും ആശ്രയിച്ചത്. ഒപ്പം സുഗന്ധവ്യഞ്ജനങ്ങളും ഉണങ്ങിയ പഴങ്ങളും ചരക്കുകളായി കൊണ്ടുപോകുകയും ചെയ്തു.