IIP India Growth Rate Data July 2020: രാജ്യത്തെ വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) ജൂലൈയിൽ 10.4 ശതമാനം ഇടിഞ്ഞ് 118.1ൽ എത്തിയതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ.
ഉൽപ്പാദനം, ഖനനം, വൈദ്യുതി എന്നീ മേഖലകളിലെ ഉൽപ്പാദനത്തിൽ കുറവുണ്ടായതാണ് പ്രധാനമായും ഇടിവിന് കാരണമായതെന്നും മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
2019 ജൂലൈയിൽ ഐഐപി 4.9 ശതമാനം വളർച്ച നേടിയിരുന്നു. 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂലൈ) വ്യാവസായിക വളർച്ച 29.2 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3.5 ശതമാനം ഉയർച്ചയായിരുന്നു രേഖപ്പെടുത്തിയത്.
Read More: അവസാന അവസരം; മൊറട്ടോറിയത്തിൽ സുപ്രീം കോടതി കേന്ദ്രത്തോട് നിലപാട് തേടി
കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ അടച്ചുപൂട്ടൽ ഇടിവിന് കാരണമായി. ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്തെ വ്യവസായ രംഗം അടച്ചുപൂട്ടലിലായിരുന്നു.
ഉൽപ്പാദന മേഖലയിൽ11.1 ശതമാനം ഇടിവ് രേഖപ്പെടുത്തി സൂചിക 118.8ലാണ് ജൂലൈ മാസത്തിൽ എത്തിച്ചേർന്നത്. ഖനന മേഖലയിൽ 13.0 ശതമാനം ഇടിവ് രേഖപ്പെടുത്തി സൂചിക 87.2 ലേക്ക് എത്തി. വൈദ്യുതി മേഖലയിൽ 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തി 166.3 ലാണ് സൂചിക എത്തിച്ചേർന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഉൽപ്പാദന മേഖല 4.8 ശതമാനം വളർച്ച നേടിയിരുന്നു. ഇതേ കാലയളവിൽ ഖനന മേഖല 4.9 ശതമാനവും വൈദ്യുതി മേഖല 5.2 ശതമാനവും വളർച്ച കൈവരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
Read More: ഇനി കടലാസ് രഹിതം; ആധാരം സ്വയം എഴുതല്‍ കൂടുതല്‍ ലളിതമാകുന്നു
“കോവിഡ് -19 മഹാമാരിയുടെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടർന്ന് 2020 മാർച്ച് അവസാനം മുതൽ വ്യാവസായിക മേഖലയിലെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല. സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ കാര്യത്തിൽ ഇത് സ്വാധീനം ചെലുത്തിയിട്ടുണ്ട്,” മന്ത്രാലയം പത്രക്കുറിപ്പിൽ പറയുന്നു.
“തുടർന്നുള്ള കാലഘട്ടങ്ങളിൽ നിയന്ത്രണങ്ങൾ നീക്കിയതോടെ വ്യാവസായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയാണ്. ജൂലൈയിലെ സൂചിക 118.1 ആണ്. 54.0, 89.5, 108.9 എന്നിങ്ങനൊണ് ഏപ്രിൽ,മേയ്, ജൂൺ മാസങ്ങളിൽ ഇവ യഥാക്രമം,” പത്രക്കുറിപ്പിൽ പറയുന്നു.