ന്യൂയോർക്ക്: അമേരിക്കയിലെ ഫോർബ്സ് മാഗസിൻ ലോകത്തിലെ സഹസ്ര കോടീശ്വരന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 565 സഹസസ്ര കോടീശ്വരന്മാരുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമതുള്ള രാജ്യം. ഇന്ത്യ 101 പേരുമായി നാലാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും ധനികനെന്ന സ്ഥാനം ബിൽ ഗേറ്റ്സ് കൈവിടാതിരുന്നപ്പോൾ ഇന്ത്യയിലെ അതിസന്പന്നനെന്ന സ്ഥാനം മുകേഷ് അംബാനിയും നിലനിർത്തി. പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 544 മത്തെ ധനികനാണ്.
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് തുടർച്ചയായ നാലാം വട്ടവും പട്ടികയിൽ ഒന്നാമതെത്തി. കഴിഞ്ഞ 23 വർഷത്തിനിടയിൽ 18 തവണയും ഒന്നാം സ്ഥാനം ബിൽ ഗേറ്റ്സിന് തന്നെയായിരുന്നു. കഴിഞ്ഞ വർഷം 75 ബില്യൺ ആയിരുന്ന സന്പാദ്യം ഇത്തവണ 86 ബില്യൺ ആയി ഉയർന്നു.
27.6 ബില്യൺ അധിക സന്പാദ്യം ഒറ്റ വർഷം കൊണ്ട് നേടിയ ആമസോൺ സ്ഥാപകൻ ജെഫ് ബിസോസ് ബിൽ ഗേറ്റ്സിന് വെല്ലുവിളി ഉയർത്തി രണ്ടാം സ്ഥാനത്തുണ്ട്. 75.6 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ സന്പാദ്യം.
2017 ലെ പട്ടികയിൽ 2043 പേരാണ് ഇടം നേടിയത്. ഇവരുടെ ആകെ സന്പത്ത് 7.67 ലക്ഷം കോടി യുഎസ് ഡോളർ വരും. കഴിഞ്ഞ വർഷം മാത്രം ഇവരുടെ സന്പത്തിലുണ്ടായത് 18 ശതമാനം വർദ്ധനവാണ്. ലോകത്ത് നൂറിലധികം സഹസ്ര കോടീശ്വരന്മാരുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയും മാറി എന്നതാണ് പോയ വർഷത്തെ മറ്റൊരു പ്രത്യേകത.
വിദേശത്ത് താമസിക്കുകയും ബിസിനസ് നടത്തുകയും ചെയ്യുന്ന 20 ഇന്ത്യക്കാർ വേറെയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പട്ടികയിൽ 33 മത്തെ സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. ഇദ്ദേഹത്തിന് 23.2 സഹസ്ര കോടി യുഎസ് ഡോളർ സന്പാദ്യമായുണ്ട്. സഹോദരൻ അനിൽ അംബാനി 2.7 സഹസ്ര കോടി യുഎസ് ഡോളർ സന്പാദ്യവുമായി പട്ടികയിൽ 745 മത്തെ സ്ഥാനത്താണ്.
ആർസെലർ മിത്തൽ ഗ്രൂപ്പ് ചെയർമാനും സിഇഒ യുമായ ലക്ഷ്മി മിത്തലാണ് പട്ടികയിൽ അംബാനിക്ക് പുറകിലുള്ള ഇന്ത്യക്കാരൻ. 56 മതുള്ള ഇദ്ദേഹത്തിന് 16.4 സഹസ്ര കോടി യുഎസ് ഡോളറാണ് സന്പാദ്യം. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുജ ബ്രദേർസ് പട്ടികയിൽ 64 മത്തെ സ്ഥാനത്തുണ്ട്. 15.4 സഹസ്ര കോടി യുഎസ് ഡോളറാണ് ഇവരുടെ പക്കലുള്ളത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശപൂർജി പല്ലോഞ്ചി ഗ്രൂപ്പ് ഉടമയും ഇന്ത്യൻ വംശജനുമായ പല്ലോഞ്ചി മിസ്ത്രിയാണ് പട്ടികയിൽ 77 മതുള്ളത്. 152 വർഷത്തെ പ്രവർത്തന പാരന്പര്യം ഉള്ള സ്ഥാപനത്തിന്റെ ഉടമയ്ക്ക് ഇന്നുള്ളത് 14.3 സഹസ്ര കോടി ഡോളറാണ്.
പട്ടികയിൽ ഇന്ത്യയിൽ നിന്ന് നാല് സ്ത്രീകളാണ് ഉളളത്. ജിൻഡൽ ഗ്രൂപ്പിന്റെ ഉടമകളിൽ ഒരാളായ സാവിത്രി ജിൻഡൽ(303), സ്മിത കൃഷ്ണ ഗോദ്റേജ് (814), ബൈക്കോൺ സ്ഥാപക കിരൺ മസുംദാർ ഷാ (973), ലീന തിവാരി (1030) എന്നിവരാണ് പട്ടികയിലെ ഇന്ത്യൻ സ്ത്രീകൾ.