scorecardresearch
Latest News

രാജ്യം നേരിടുന്നത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്: രാഹുല്‍ ഗാന്ധി

യുവാക്കള്‍ തുറന്നു സംസാരിക്കാനും ഒപ്പം നടക്കാനും തയാറായി മുന്നോട്ടുവരുന്നുണ്ടെന്നും ഇന്ത്യയെ ഒന്നിപ്പിച്ചു മുന്നോട്ടുപോകാന്‍ നമുക്കു കഴിയുമെന്നും രാഹുൽ പറഞ്ഞു

രാജ്യം നേരിടുന്നത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്: രാഹുല്‍ ഗാന്ധി

കൊല്ലം: നാല്‍പ്പത്തി അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണു രാജ്യം നേരിടുന്നതെന്നു രാഹുല്‍ ഗാന്ധി എം പി. യുവജനങ്ങളുടെ ഭാവി ശക്തിപ്പെടുത്തുകയെന്നതും അവരില്‍ ശുഭപ്രതീക്ഷ നിറയ്ക്കുകയെന്നതും കോണ്‍ഗ്രസിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

മോദി ഭരണകൂടത്തിനെതിരെ രാജ്യത്തെ ഒരുമിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ ഒന്‍പതാം ദിവസത്തിലെത്തിയിരിക്കുകയാണ്. കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര കൊല്ലം നീണ്ടകരയിലെത്തി.

”യാത്രയിലുടനീളം ധാരാളം യുവാക്കളെ കണ്ടുമുട്ടുകയും രാജ്യത്തെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകള്‍ മനസിലാക്കാന്‍ സാധിക്കുകയും ചെയ്തു. അവരുടെ കഴിവും ശക്തിയും ഉപയോഗപ്പെടുത്തിയാല്‍ രാജ്യത്തിനു പുരോഗതിയുണ്ടാകും,” രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

”എന്നാല്‍, രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണിപ്പോള്‍. വിദ്യാഭ്യാസമ്പന്നരായ യുവജനങ്ങള്‍ തൊഴിലില്ലായ്മയില്‍ നിരാശരാണ്. യുവജനങ്ങളുടെ ഭാവി ശക്തിപ്പെടുത്തുകയും അവരില്‍ ശുഭപ്രതീക്ഷ നിറയ്ക്കുകയെന്നതും ഞങ്ങളുടെ ഉത്തരവാദിത്തവും ഈ കാലഘട്ടത്തിന്റെ ആവശ്യകതയുമാണ്,” രാഹുല്‍ പറഞ്ഞു.

ഇന്നത്തെ പദയാത്രയുടെ ഉച്ചയ്ക്കു മുന്‍പുള്ള ഘട്ടം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം കശുവണ്ടി തൊഴിലാളികളുമായും സംരഭകരുമായും വിവിധ തൊഴിലാളി സംഘടനകളുമായും ആര്‍ എസ് പി നേതാക്കളുമായും ചര്‍ച്ച നടത്തി.

യുവജനങ്ങളെയെന്നപോലെ, കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും പാവപ്പെട്ടവരും കര്‍ഷകരും ഗോത്രവര്‍ഗക്കാരും തുടങ്ങി എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരം കണ്ടെത്തുകയാണു യാത്രയുടെ ലക്ഷ്യമെന്നു രാഹുല്‍ പറഞ്ഞു.

യുവാക്കള്‍ തുറന്നു സംസാരിക്കാനും ഒപ്പം നടക്കാനും തയാറായി മുന്നോട്ടുവരുന്നുണ്ടെന്നും ഇന്ത്യയെ ഒന്നിപ്പിച്ചു മുന്നോട്ടുപോകാന്‍ നമുക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ യാത്രയുടെ രണ്ടാം ഘട്ടം വൈകിട്ട് അഞ്ചിനു ചവറയില്‍നിന്ന് ആരംഭിച്ചു കരുനാഗപ്പള്ളിയില്‍ സമാപിച്ചു.

സെപ്റ്റംബര്‍ ഏഴിനു കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര 10നാണു കേരളത്തില്‍ പ്രവേശിച്ചത്. സംസ്ഥാന ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര 450 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിനു കര്‍ണാടകയില്‍ കടക്കും. ജമ്മു കശ്മീര്‍ വരെ നീളുന്ന യാത്ര മൊത്തം 3570 കിലോ മീറ്റര്‍ താണ്ടും. അതിനുശേഷം ഗുജറാത്തില്‍നിന്ന് അരുണാചല്‍ പ്രദേശിലേക്കുള്ള മറ്റൊരു യാത്രയ്ക്കും സാധ്യതയുണ്ടെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India highest unemployment rate rahul gandhi bharat jodo yatra