ബെംഗളുരു: കോവിഡ് വൈറായ ഒമൈക്രോണിന്റെ ഉപവകഭേദമായ ബിഎഫ്.7 വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉയര്‍ന്ന അണുബാധ നിരക്കിനു കാരമായേക്കാമെന്നു പഠനറിപ്പോര്‍ട്ട്. എന്നാല്‍ രോഗതീവ്രതയും മരണനിരക്കും വളരെ കുറവായിരിക്കുമെന്നും രാജ്യാന്തര ഗവേഷണസംഘത്തിന്റെ പ്രബന്ധത്തില്‍ പറയുന്നു.
ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് ഡോ. ദേബ്മല്യ ബാറിന്റെ നേതൃത്വത്തില്‍ ഇന്ത്യ, ബ്രസീല്‍, യു കെ, യു എസ് എ, സൗദി അറേബ്യ, ജോര്‍ദാന്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട ഗവേഷണ സംഘത്തിന്റേതാണ് ഈ പഠന റിപ്പോര്‍ട്ട്.
”ഇന്ത്യന്‍ സാഹചര്യത്തെ സംബന്ധിച്ചിടത്തോളം, വരും ദിവസങ്ങളില്‍ ബിഎഫ്.7, എക്സ് ബി ബി എന്നിവയില്‍നിന്ന് ഉയര്‍ന്ന അണുബാധ നിരക്ക് ഉണ്ടാവാനിടയുണ്ട്. എന്നാല്‍ സാര്‍സ്-കോവ്-2ന്റെ ആക്രമണശേഷി കുറഞ്ഞുകൊണ്ടിരിക്കെ നമ്മുടെ ഭക്ഷണം, ശീലം, ജനസംഖ്യയുടെ ഭൂരിഭാഗം പേര്‍ക്കും കുത്തിവയ്പ് നല്‍കിയത്, ഒരു നിശ്ചിത തലത്തിലുള്ള സ്വഭാവി പ്രതിരോധശേഷി വികസിപ്പിക്കല്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ മറ്റു ജനസംഖ്യയെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ പ്രതിരോധശേഷി മെച്ചമാണ്. ഇന്ത്യയില്‍ കൂടുതല്‍ ഗുരുതരമായ കേസുകളും മരണങ്ങളും കാണാനിടയില്ല. അതേസമയം, കോവിഡ് -19 അവസാനിച്ചുവെന്നു കരുതുന്നതു തെറ്റാണ്. അതിനാല്‍, പൂര്‍ണമായ വാക്സിനേഷന്, കോവിഡ് മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കല്‍, പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കല്‍, രാജ്യാന്തര യാത്രള്ക്കുള്ള നിയന്ത്രണങ്ങള്‍, ജീനോം നിരീക്ഷണം, ഏതു തരത്തിലുള്ള സംഭവവികാസത്തിനും മെഡിക്കല്‍ സൗകര്യങ്ങളുടെ ക്രമീകരണം എന്നിവ വളരെ പ്രധാനമാണ്,” ഡോ. ദേബ്മല്യ ബാര്‍ പറഞ്ഞു.
ബ്രസീല്‍ ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് മിനാസ് ഗെരൈസി (യുഎഫ്എംജി)ലെ ജനിതകശാസ്ത്രം, പരിസ്ഥിതി, പരിണാമ വകുപ്പില്‍ ബയോ ഇന്‍ഫോര്‍മാറ്റിക്സ്, പ്രിസിഷന്‍ ഹെല്‍ത്ത് പ്രൊഫസറും പശ്ചിമ ബംഗാളിലെ പൂര്‍ബ മേദിനിപൂര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് ഒമിക്സ് ആന്‍ഡ് അപ്ലൈഡ് ബയോടെക്നോളജിയിലെ (ഐ ഐ ഒ എ ബി) ഓണററി ശാസ്ത്രജ്ഞനുമാണ് അദ്ദേഹം.
നിലവില്‍ ബിഎഫ്.7, എക്സ് ബി ബി എന്നീ ഉപ വകഭേദങ്ങള്‍ വിവിധ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ടെങ്കിലും കൂടുതല്‍ രോഗതീവ്രതയും മരണവും ഉണ്ടാകണമെന്നില്ലാണു പഠനം പറയുന്നത്. എന്നാലിതു ജനസംഖ്യയെയും അവരുടെ പ്രതിരോധശേഷിയെയും മറ്റു ഘടകങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ജീനോമിക്സ്, റിവേഴ്സ് വാക്സിനോളജി, സ്ട്രക്ചറല്‍ ബയോളജി അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളാണു ഗവേഷകര്‍ അവരുടെ കണ്ടെത്തലുകള്‍ക്കായി ഉപയോഗിച്ചത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇന്ഫ്ളമേഷനിലാണു ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.