കൊറോണ വൈറസിന്റെ വ്യാപനം രാജ്യത്ത് വർധിക്കുമ്പോഴും രോഗം ഭേദമാകുന്നവരുടെ എണ്ണവും കൂടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. രോഗമുക്തി നേടുന്നവരുടെ നിരക്ക് 41.61 ശതമാനമായാണ് വർധിച്ചത്. അതേസമയം മരണനിരക്ക് 2.87 ശതമാനമെന്ന നിലയിലാണ്. ലോകത്ത് തന്നെ ഏറ്റവും കുറവ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

ലോകത്ത് രോഗം സ്ഥിരീകരിക്കുന്ന ഒരു ലക്ഷം ജനസംഖ്യയിൽ 4.4 ശതമാനം ആളുകൾ മരിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇന്ത്യയിൽ ഇത് 0.3 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. തുടക്കത്തിൽ തന്നെ ഏർപ്പെടുത്തിയ ലോക്ക്ഡൗണും കൃത്യസമയത്ത് രോഗം സ്ഥിരീകരിക്കുന്നതും ഉൾപ്പടെയുള്ള കാര്യങ്ങളാണ് ഇന്ത്യയെ ഇതിന് സഹായിച്ചതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഇന്ത്യയിൽ 6535 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 145380 ആയി വർധിക്കുകയും ചെയ്തു. നിലവിൽ 80722 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുമ്പോൾ 60490 പേരാണ് രോഗമുക്തി നേടി ആശുപത്രികൾ വിട്ടത്. ഇതുവരെ 4167 പേർ വൈറശ് ബാധ മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

ഇന്ത്യയിലെ മരണനിരക്കിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ കുറവ് രേഖപ്പെടുത്തിയതായും ലവ് അഗർവാൾ പറഞ്ഞു. ഏപ്രിൽ 15 വരെ 3.3 ശതമാനമായിരുന്ന മരണനിരക്കാണ് ഇപ്പോൾ 2.87 ശതമാനമായി കുറഞ്ഞിരിക്കുന്നത്. രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണത്തിലും കാര്യമായ വർധനവ് രേഖപ്പെടുത്തുന്നു. പ്രതിദിനം 1.1 ലക്ഷം സാമ്പിളുകളാണ് 612 ലാബുകളിലായി പരിശോധിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയർന്ന തോതാണിത്. അതേസമയം, പത്ത് പേരുടെ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്, 29. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ 9 പേർക്കും പുറമെ ഗുജറാത്തിൽ നിന്നു വന്ന അഞ്ച് പേർക്കും കർണാടകയിൽ നിന്നുള്ള ഒരാൾക്കും പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെത്തിയ ഓരോരുത്തർക്കും വൈറസ് ബാധ കണ്ടെത്തി. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 936 ആയി. 415 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അതേസമയം, കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേർ സംസ്ഥാനത്താകെ നിരീക്ഷണത്തിലാണ്. ഇതിൽ 103528 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുമാണ്. 808 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook