ന്യൂഡല്‍ഹി: രാജ്യത്ത് 277 വ്യാജ എൻജിനീയറിങ് കോളേജുകളുണ്ടെന്ന് മാനവവിഭവശേഷി മന്ത്രാലയം. കേന്ദ്രമന്ത്രി സത്യപാല്‍ സിങ്ങാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലോക്സഭയില്‍ സമര്‍പ്പിച്ചത്. എൻജിനീയറിങ്-ടെക്നിക്കല്‍ കോഴ്സുകള്‍ നടത്തുന്ന 66 വ്യാജ കോളേജുകളുളള ഡല്‍ഹിയാണ് പട്ടികയില്‍ മുമ്പിലുളളത്. ഇതിന് പിന്നാലെ തെലങ്കാനയും പശ്ചിമ ബംഗാളും ഉണ്ട്. 35, 27 എന്നിങ്ങനെയാണ് ഇരു സംസ്ഥാനങ്ങളിലേയും വ്യാജ കോളേജുകളുടെ എണ്ണം.
കേരളത്തില്‍ രണ്ട് വ്യാജ എൻജിനീയറിങ് കോളേജുകളാണുളളത്. പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത് കര്‍ണാടകയാണ്. 23 വ്യാജ കോളേജുകളാണ് കര്‍ണാടകയിലുളളത്. 22 വ്യാജ എൻജിനീയറിങ് കോളേജുകള്‍ ഉത്തര്‍പ്രദേശിലുണ്ട്. 18 എണ്ണം ഹരിയാന, 16 എണ്ണം മഹാരാഷ്ട്ര, 11 എണ്ണം തമിഴ്നാട് എന്നിങ്ങനെയാണ് പട്ടികയിലുളളത്. മലയാളികളായ നിരവധി വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും എൻജിനീയറിങ് കോളേജുകളില്‍ പഠനം നടത്തുന്നുണ്ട്. ഏതൊക്കെ കോളേജുകളാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
ഓള്‍ ഇന്ത്യ സാങ്കേതിക വിദ്യാഭ്യാസ സമിതിയുടെ (എഐസിടിഇ) അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സത്യപാല്‍ സിങ് ലോക്സഭയില്‍ വ്യക്തമാക്കി. എഐസിടിഇയുടെ അംഗീകാരം നേടണമെന്നും അല്ലാത്തപക്ഷം അടച്ചുപൂട്ടണമെന്നും കാണിച്ച് കോളേജുകള്‍ക്ക് കേന്ദ്രം നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇത്തരം കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
വ്യാജ എൻജിനീയറിങ് കോളേജുകളുളള സംസ്ഥാനങ്ങള്‍:
ന്യൂഡല്‍ഹി: 66
തെലങ്കാന: 35
പശ്ചിമ ബംഗാള്‍: 27
കര്‍ണാടക: 23
ഉത്തര്‍പ്രദേശ്: 22
ഹിമാചല്‍പ്രദേശ്: 18
ബിഹാര്‍: 17
മഹാരാഷ്ട്ര: 16
തമിഴ്നാട്: 11
ഗുജറാത്ത്: 8
ആന്ധ്രപ്രദേശ്: 7
ചണ്ഡിഗഢ്: 7
പഞ്ചാബ്: 5
രാജസ്ഥാന്‍: 3
ഉത്തരാഖണ്ഡ്: 3
കേരളം: 2