/indian-express-malayalam/media/media_files/uploads/2023/09/3.jpg)
ഇന്ത്യ ജി20 നേതാക്കൾക്ക് നൽകിയ സമ്മാനകിറ്റിനുള്ളിൽ
ജി20 ഉച്ചകോടിക്കായി രാജ്യത്തേക്ക് വിരുന്നെത്തിയ ആഗോളനേതാക്കളെ ഇന്ത്യ വിസ്മയിപ്പിച്ചത് പരമ്പരാഗതമായ സവിശേഷതകൾ നിറഞ്ഞൊരു സമ്മാനപ്പെട്ടി കൈമാറിയായിരുന്നു. ഭാരതത്തിന്റെ വിശാലമായ വൈവിധ്യവും സമൃദ്ധമായ പാരമ്പര്യവും വിളിച്ചോതുന്ന ആതിഥേയ മര്യാദയുടെ ഉദാത്തമായൊരു തെളിവ് കൂടിയായി ഈ സമ്മാനം മാറിയെന്നാണ് റിപ്പോർട്ടുകൾ. യുപിയിലെ കനൌജിൽ പെർഫ്യൂം, കാശ്മീരിൽ നിന്നുള്ള കുങ്കുമപ്പൂവ്, ആന്ധ്രാപ്രദേശിൽ നിന്നുള്ള അരക്ക് കോഫി പൊടി, തമിഴ്നാട്ടിലെ നീലഗിരിയിൽ നിന്നുള്ള ചായപ്പൊടി എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിരുന്ന പ്രധാന സമ്മാനങ്ങൾ.
സാൻഡൂക്ക് എന്ന മരത്തടിയുടെ പുറത്തായി പിച്ചളയിൽ ആകർഷകമായ ഡിസൈനുകൾ ചെയ്തിട്ടുള്ള ഒരു പെട്ടിയിലാണ് ഇന്ത്യ ഉപഹാരങ്ങൾ നൽകിയത്. ദീർഘനാൾ കേടുകൂടാതെയിരിക്കുന്ന സാൻഡൂക്ക് ബോക്സ് ഇന്ത്യയുടെ സാംസ്ക്കാരിക ഗരിമ ലോകമെങ്ങും വിളിച്ചോതുന്നതാണ്. ശീഷം അഥവാ റോസ് വുഡ് തടിയിൽ മെനഞ്ഞെടുത്ത കരവിരുതുകൾ ലോകനിലവാരമുള്ളവയാണ്.
പൊന്നുംവിലയുള്ള കശ്മീരി കുങ്കുമപ്പൂവ്
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായി അറിയപ്പെടുന്ന ജമ്മു കശ്മീരിൽ ഉത്പാദിപ്പിക്കുന്ന കുങ്കുമപ്പൂവ് കൂട്ടത്തിൽ ഏറ്റവും മുന്തിയ ഇനമായി മാറി. കശ്മീരി കുങ്കുമപ്പൂവിന്റെ ഔഷധ ഗുണവും ഭക്ഷ്യമേന്മയും ലോക പ്രശസ്തമാണ്. കൂട്ടത്തിൽ ഡാർജിലിങ്ങിൽ നിന്നും നീലഗിരിയിൽ നിന്നുമുള്ള ചായപ്പൊടികൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ആന്ധ്രയിലെ അരക്ക് വാലി പ്ലാന്റേഷനിൽ ഉത്പാദിപ്പിക്കുന്ന അരക്ക് കോഫിയും സമ്മാനപ്പെട്ടിയുടെ പ്രൌഡി വർധിപ്പിക്കുന്നതായി.
സുന്ദർബനിലെ തേനൂറും രുചിപ്പെരുമ
ലോകത്തെ ഏറ്റവും വലിയ കണ്ടൽക്കാടായി അറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ സുന്ദർബൻ മേഖലയിൽ ലഭിക്കുന്ന സവിശേഷമായ തേനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നൂറ് ശതമാനം ശുദ്ധമായ ഈ തേനിന് മികച്ച ആരോഗ്യ ഗുണങ്ങൾ കൂടിയുണ്ട്. ഉത്തർപ്രദേശിലെ കനൌജിൽ പരമ്പരാഗത രീതിയിൽ വികസിപ്പിച്ചെടുക്കുന്ന നൂറൂകണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള സിഗ്രാനാ പെർഫ്യൂമും ലോകപ്രശസ്തമാണ്. ലോക നേതാക്കൾക്ക് ഇന്ത്യ നൽകിയ സമ്മാനങ്ങൾ സാൻഡൂക്ക് പെട്ടിയിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നതല്ല.
കശ്മീരി പഷ്മിന ഷാളും ഖാദി സ്കാർഫും
സമുദ്രോപരിതലത്തിൽ നിന്ന് 14,000 അടി ഉയരത്തിലായി കശ്മീരിൽ മാത്രം കണ്ടുവരുന്നൊരു ചെമ്മരിയാട് കൂട്ടമാണ് 'ചാങ്താങി'കൾ. അവയുടെ രോമത്തിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന സവിശേഷയിനം വലുപ്പമുള്ള ഷാളാണ് കശ്മീരി പഷ്മിന ഷാൾ. രാജ്ഘട്ട് സന്ദർശനത്തിനെത്തിയ വിദേശ നേതാക്കൾക്കെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണയിൽ കഴുത്തിന് ചുറ്റും ധരിക്കാവുന്ന തരത്തിലുള്ള ഖാദി സ്കാർഫും ഭരണാധികാരികൾ സമ്മാനിക്കാറുണ്ട്.
ചർക്കയിൽ നൂൽനൂറ്റെടുത്ത് നിർമ്മിച്ചെടുക്കുന്ന വസ്ത്രങ്ങളെ ഖാദിയെന്ന് ആദ്യമായി വിശേഷിപ്പിച്ചത് മഹാത്മാ ഗാന്ധി ആയിരുന്നു. സ്വദേശികളെ പ്രചോദിപ്പിക്കാനും സ്വയംപര്യാപ്തരാക്കാനുമായി സ്വാതന്ത്ര്യ സമരകാലത്ത് ഖാദി വസ്ത്രങ്ങൾ അണിയുന്നതും ചർക്കയിൽ നൂൽനൂൽക്കുന്നതും ഒരു സമരരീതിയായി തന്നെ അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഫാഷന്റേയും പ്രൌഡിയുടേയും കൂടി പ്രതീകമാണ് ഖാദി വസ്ത്രങ്ങൾ.
സ്പെഷ്യൽ നാണയങ്ങളും സ്റ്റാമ്പുകളും
ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയുടെ സ്മരണാർത്ഥം ഭാരത് മണ്ഡപം ഉദ്ഘാടനവേളയിൽ പ്രത്യേകമായ നാണയങ്ങളും സ്റ്റാമ്പുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയിരുന്നു. ജി20 ലോഗോ, തീം ആയ വസുദൈവ കുടുംബകം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഇവ പുറത്തിറക്കിയത്. ജി20 ലോഗോയുടെ ഭാഗമായ ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയും സ്വർണനിറവുമെല്ലാം ആയിരുന്നു പോസ്റ്റൽ സ്റ്റാമ്പിന്റേയും സവിശേഷതകൾ.
കഴിഞ്ഞ വർഷം ജി20 ഉച്ചകോടിക്കായി ബാലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്തിന്റേയും ഹിമാചൽ പ്രദേശിന്റേയും കലാ-സാംസ്കാരിക പാരമ്പര്യങ്ങൾ വിളിച്ചോതുന്ന സമ്മാനങ്ങളാണ് അന്ന് മറ്റു ലോകനേതാക്കൾക്ക് സമ്മാനിച്ചിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.