ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ പങ്കാളിയായ സൈനികൻ ദീപശിഖ വഹിക്കുന്നതിൽ പ്രതിഷേധിച്ച് ശൈത്യകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകളിൽ ചൈനയിലെ ഇന്ത്യൻ പ്രതിനിധി പങ്കെടുക്കില്ല. ഗാൽവാൻ സൈനികൻ ദീപശിഖയേന്തുന്നത് ദൗർഭാഗ്യകരമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആണ് ഇക്കാര്യം അറിയിച്ചത്. ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടിയ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ റെജിമെന്റ് കമാൻഡറായ ക്വി ഫാബാവോ ഒളിമ്പിക് ജ്വാല ഉയർത്തുന്നവരിൽ ഒരാളാണ്. ഫെബ്രുവരി നാല് മുതലാണ് ബെയ്ജിംഗിൽ വിന്റർ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. സൈനികന്റെ ചിത്രങ്ങൾ ട്വീറ്റിൽ ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ഭാഷാ വാർത്താ പ്ലാറ്റ്‌ഫോമായ ഗ്ലോബൽ ടൈംസ് പുറത്തുവിട്ടിരുന്നു.
Also Read: ചൈന-പാക് ബന്ധം: രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അംഗീകരിക്കുന്നില്ലെന്ന് അമേരിക്ക
ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ ഇരുവശത്തും ആളപായമുണ്ടായി ഒന്നര വർഷമായിരുന്നു. എന്നാൽ തങ്ങൾക്ക് സംഘർഷത്തിൽ മേൽക്കൈയുള്ളതായി പ്രചരിപ്പിക്കൻ ചൈന ഏറ്റുമുട്ടലും താഴ്‌വരയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചിരുന്നു. 2020 മെയ് മാസത്തിൽ ആരംഭിച്ച തർക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും രാഷ്ട്രീയ, നയതന്ത്ര, സൈനിക ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും ചൈന ഇത് തുടർന്നിരുന്നു.
“ഇന്ത്യയുമായുള്ള ഗാൽവാൻ ഏറ്റുമുട്ടലിൽ പോരാടുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ പിഎൽഎ റെജിമെന്റ് കമാൻഡറായ ക്വി ഫാബാവോ, ബുധനാഴ്ചത്തെ ബീജിങ് 2022 ശീതകാല ഒളിമ്പിക് ദീപശിഖാ റാലിയിൽ ഒരു ദീപശിഖ വഹിക്കും,” എന്നായിരുന്നു ബുധനാഴ്ച രാവിലെ ഗ്ലോബൽ ടൈംസ് ട്വീറ്റ് ചെയ്തത്.