ന്യൂഡല്‍ഹി: തങ്ങളുടെ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ‘ഇന്ത്യക്കെതിരായ ആക്രമണം’ എന്ന് പറഞ്ഞ അദാനി ഗ്രൂപ്പിന് മറുപടിയുമായി യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. ദേശീയതയുടെ മറവില്‍ രാഷ്ട്രത്തെ ആസൂത്രിതമായി കൊള്ളയടിക്കുന്ന അദാനി ഗ്രൂപ്പാണ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നതെന്നു ഹിന്‍ഡന്‍ബര്‍ഗ് തിരിച്ചടിച്ചു.
കാതലായ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ദേശീയത ചൂണ്ടികാണിച്ച് ഞങ്ങളുടെ റിപ്പോര്‍ട്ട് ഇന്ത്യയ്ക്കെതിരായ കണക്കുകൂട്ടിയുള്ള ആക്രമണമെന്നും അവര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളാണ് തട്ടിപ്പ് നടത്തുന്നതെങ്കില്‍പ്പോലും അത് ഒരു വഞ്ചനയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, വ്യക്തമായി പറഞ്ഞാല്‍, ഇന്ത്യ ഊര്‍ജസ്വലമായ ജനാധിപത്യവും മഹത്തായ ഭാവിയുള്ള ഉയര്‍ന്നുവരുന്ന ഒരു മഹാശക്തിയുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ 413 പേജുള്ള പ്രതികരണത്തില്‍ ഇത് ഏതെങ്കിലും പ്രത്യേക കമ്പനിയ്ക്കെതിരായ അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യയ്ക്കെതിരായ കണക്കുകൂട്ടിയുള്ള ആക്രമണമാണ് അദാനി ഗ്രൂപ്പ് പറഞ്ഞു. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, വളര്‍ച്ച, ഇന്ത്യയുടെ അഭിലാഷം എന്നിവയക്കെതിരെയുള്ള നീക്കമാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ മറുപടി.
ജനുവരി 24 നാണ് അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് 106 പേജുള്ള റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. അദാനി ഗ്രൂപ്പിന്റെ ‘അപകടമായ ഓഹരി കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പും’ ചൂണ്ടിക്കാണിച്ചായിരുന്നു റിപ്പോര്‍ട്ട്.
അദാനിയുടെ പ്രതികരണത്തില്‍ ഞങ്ങളുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 30 പേജുകളില്‍ മാത്രമെ മറുപടിയുള്ളൂ. ബാക്കിയുള്ള പ്രതികരണത്തില്‍ 330 പേജുള്ള കോടതി രേഖകളും 53 പേജുകളുള്ള ഉയര്‍ന്ന തലത്തിലുള്ള സാമ്പത്തിക, പൊതുവിവരങ്ങളും സ്ത്രീ സംരംഭകത്വത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു, സുരക്ഷിതമായ പച്ചക്കറി ഉല്‍പ്പാദനം തുടങ്ങിയ അപ്രസക്തമായ കോര്‍പ്പറേറ്റ് സംരംഭങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഉള്‍പ്പെടുന്നതാണെന്നും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.
ഞങ്ങളുടെ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനോട് 88 പ്രത്യേക ചോദ്യങ്ങള്‍ ചോദിച്ചു. അതിന്റെ പ്രതികരണത്തില്‍, അതില്‍ 62 എണ്ണത്തിന് ത്ത്രരം നല്‍കാന്‍ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടതായും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.