പൂണെ: തദ്ദേശീയ നിര്‍മിത ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ ‘ഹെലിന’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പൊഖ്‌റാനിലായിരുന്നു പരീക്ഷണം.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച മൂന്നാം തലമുറ ‘ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ്’ ക്ലാസ് മിസൈലായ ഹെലിനയുടെ ഉപയോക്തൃ മൂല്യനിര്‍ണയ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു വിക്ഷേപണം. ഡിആര്‍ഡിഒ, കര, വ്യോമസേനാ സംഘങ്ങള്‍ ചേര്‍ന്നാണ് പരീക്ഷണം നടത്തിയത്.
തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററില്‍ (എഎല്‍എച്ച്)നിന്ന് വിക്ഷേപിച്ച ഹെലിന പൊഖ്റാന്‍ മരുഭൂമിയിലെ സിമുലേറ്റഡ് ടാങ്ക് എന്ന ലക്ഷ്യം വിജയകരമായി ഭേദിച്ചു. ‘ലോക്ക് ഓണ്‍ ബിഫോര്‍ ലോഞ്ച്’ മോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാറെഡ് ഇമേജിങ് സീക്കറാണ് മിസൈലിനെ നയിക്കുന്നത്.
ഹെലിന ലോകത്തിലെ ഏറ്റവും നൂതന ടാങ്ക് വേധ ആയുധങ്ങളില്‍ ഒന്നാണെന്ന് ഡിആര്‍ഡിഒ അറിയിച്ചു. പരമാവധി ഏഴ് കിലോമീറ്ററാണു ഹെലിനയുടെ ലക്ഷ്യദൂരം. മിസൈലിന്റെ എഎല്‍എച്ചിന്റെ ആയുധവല്‍ക്കരിച്ച പതിപ്പിന്റെ ഭാഗമാക്കുന്നതിനായി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Also Read: Russia-Ukraine War News: സമാധാന ചർച്ചയ്ക്ക് വേണ്ടി സൈനിക നടപടി താൽക്കാലികമായി നിർത്തില്ലെന്ന് റഷ്യ
ഡിആര്‍ഡിഒയുടെ മിസൈല്‍ ആന്‍ഡ് സ്ട്രാറ്റജിക് സിസ്റ്റംസ് (എംഎസ്എസ്) ക്ലസ്റ്ററിനു കീഴിലുള്ള ഹൈദരാബാദിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ലബോറട്ടറി (ഡിആര്‍ഡിഎല്‍)യാണ് ഹെലിന വികസിപ്പിച്ചത്. 2018 മുതല്‍ മിസൈലിന്റെ ഉപയോക്തൃ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിവരുന്നു.
രാപകല്‍ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഹെലിന മിസൈല്‍ സംവിധാനത്തിനു പരമ്പരാഗത കവചവും സ്‌ഫോടനാത്മക റിയാക്ടീവ് കവചവും ഉപയോഗിച്ച് യുദ്ധ ടാങ്കുകളെ ഭേദിക്കാന്‍ കഴിയുമെന്നു ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ പറഞ്ഞു. കര, വ്യോമസേനാ ഹെലികോപ്ടറുകളുടെ ഭാഗമാക്കുന്നതിനാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഹെലിനയുടെ വ്യോമസേനാ പതിപ്പ് ‘ധ്രുവാസ്ത്ര’ എന്നും അറിയപ്പെടുന്നു.
മുകളില്‍നിന്നും നേരിട്ടും പതിക്കുന്ന രണ്ട് മോഡുകളില്‍ ഹെലിനയ്ക്കു ലക്ഷ്യം ഭേദിക്കാന്‍ കഴിയും. മുകളില്‍നിന്ന് ആക്രമിക്കുന്ന മോഡില്‍, വിക്ഷേപണത്തിനു ശേഷം കുത്തനെ കുതിക്കുന്ന മിസൈല്‍ നിശ്ചിത ഉയരത്തിലെത്തിയ ശേഷം ലക്ഷ്യലേക്കു പതിക്കും. രണ്ടാമത്തെ മോഡില്‍ താഴ്ന്ന ഉയരത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ ലക്ഷ്യത്തില്‍ നേരിട്ട് പതിക്കുന്നു.