ന്യൂഡല്‍ഹി: ലണ്ടനിലെ ഹൈക്കമ്മിഷന്‍ ഓഫിസിന് മുന്നിലെ ഇന്ത്യന്‍ പതാക ഖാലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയ സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ക്രിസ്റ്റീന സ്കോട്ടിനെ വിളിച്ച് വരുത്തിയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ എലക്സ് എല്ലിസ് സംഭവത്തില്‍ അപലപിച്ചു. ലണ്ടന്‍ ഹൈക്കമ്മിഷന് മുന്നില്‍ സംഭവിച്ച കാര്യങ്ങള്‍ അംഗീകരിക്കാനാകുന്നതല്ലെന്ന് അലക്സ് ട്വീറ്റ് ചെയ്തു.
“ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനെതിരെ വിഘടനവാദികളും തീവ്രവാദികളും നടത്തിയ ചെയ്തികളില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിക്കാൻ ഏറ്റവും മുതിർന്ന യുകെ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി,” വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
“വിഘടനവാദികള്‍ ഹൈക്കമ്മിഷന്‍ ഓഫീസിന്റെ പരിസരത്തേക്ക് കടന്നതില്‍ ബ്രിട്ടീഷ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചയില്‍ വിശദീകരണം ആവശ്യപ്പെട്ടു. വിയന്ന കൺവെൻഷനു കീഴിലുള്ള യുകെ സര്‍ക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തങ്ങളെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചു,” പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും യുകെയിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യുകെ ഗവൺമെന്റിന്റെ നിസംഗത അംഗീകരിക്കാനാകുന്നതല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതിന് പിന്നിലുള്ള ഓരോരുത്തരെയും അറസ്റ്റ് ചെയ്യുമെന്നും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.