Covid variant XE: മുംബൈ: പുതിയ കോവിഡ്-19 വകഭേദമായ എക്സ്ഇ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്ത, 50 വയസ്സുള്ള, പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ച സ്ത്രീക്കാണ് ഈ വകഭേദം ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത്.
ഷൂട്ടിംഗ് ക്രൂ അംഗമായ കോസ്റ്റ്യൂം ഡിസൈനറായ രോഗി ഫെബ്രുവരി 10 ന് ദക്ഷിണാഫ്രിക്കയിൽ നിന്നാണ് തിരിച്ചെത്തിയതെന്നാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) നിന്നുള്ള വിവരം.
മറ്റ് ഒമീക്രോൺ ജനിതകമാറ്റങ്ങളേക്കാൾ എക്സ്ഇ വകഭേദത്തിന് 10 ശതമാനം കൂടുതൽ പകർച്ചാശേഷിയുള്ളതായി വിശ്വസിക്കപ്പെടുന്നു.
മുംബൈയിൽ എത്തിയ സ്ത്രീകൾക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു, അവർക്ക് കോവിഡ് -19 നെഗറ്റീവായിരുന്നു. “എന്നാൽ മാർച്ച് 2 ന്, സബർബൻ ഡയഗ്നോസ്റ്റിക്സ് നടത്തിയ ഒരു പതിവ് പരിശോധനയിൽ, അവർ പോസിറ്റീവ് ആണെന്ന് കണ്ടെത്തി, ഒരു ഹോട്ടൽ മുറിയിൽ ക്വാറന്റൈൻ ചെയ്തു,” ബിഎംസി പ്രസ്താവനയിൽ പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ, അടുത്ത ദിവസത്തെ പരിശോധനയിൽ അവർ നെഗറ്റീവ് ആയെന്നും പ്രസ്താവനയിൽ പറയുന്നു.
Also Read: ബ്രിട്ടണിലെ ഒമിക്രോണ്‍ വകഭേദത്തിന് അതിതീവ്ര വ്യാപനശേഷി; ഡബ്ല്യുഎച്ച്ഒയുടെ നിരീക്ഷണങ്ങള്‍
പിന്നീട്, കസ്തൂർബ ഹോസ്പിറ്റലിൽ നടത്തിയ ജനിതക മാപ്പിങ്ങിൽ എക്സി വകഭേദമാണ് ബാധിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ആകെ 230 സാമ്പിളുകൾ പരിശോധിച്ചതിൽ 228 സാമ്പിളുകൾ ഒമൈക്രോണുമായി തിരിച്ചറിഞ്ഞു.
പുതിയ സംഭവ വികാസത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇത് സംബന്ധിച്ച്
സംസാരിച്ച കോവിഡ് -19 ടാസ്ക് ഫോഴ്സ് അംഗം ഡോ ശശാങ്ക് ജോഷി ഉറപ്പുനൽകി. “ശ്വാസകോശം ഒഴിവാക്കുന്ന ഒമൈക്രോണിന്റെ മ്യൂട്ടേഷൻ ആയതിനാൽ, എക്സ്ഇ വേരിയന്റ് ഗുരുതരമായ അണുബാധയ്ക്ക് കാരണമാകില്ലെന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷേ, പ്രത്യേകിച്ച് തിരക്കേറിയ സ്ഥലങ്ങളിൽ മാസ്കുകൾ ഉപയോഗിക്കേണ്ടതുണ്ട്, ”അദ്ദേഹം പറഞ്ഞു.
യുകെയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ്-19 ഒമിക്രോൺ വകഭേദമായ എക്സ്ഇ വകഭേദം മുൻ വകഭേദങ്ങളേക്കാൾ കൂടുതൽ പകരുന്നതായി കാണപ്പെടുന്നതായി കഴിഞ്ഞ ആഴ്ച, ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ആദ്യമായി യുകെയിൽ ജനുവരി 19 നാണ് ഈ വകഭേദം കണ്ടെത്തിയത്. അതിനുശേഷം 600-ലധികം സീക്വൻസുകൾ റിപ്പോർട്ട് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തു.