scorecardresearch
Latest News

‘ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം’; 3.8 ബില്യണ്‍ യുഎസ് ഡോളറിന്റെ സഹായങ്ങളുമായി ഇന്ത്യ

ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ വീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു

S Jayashankar, Sir Lanka, Maldives

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ പ്രതികരണവുമായി ഇന്ത്യ. ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനാധിപത്യ മാർഗങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും, സ്ഥാപിതമായ സ്ഥാപനങ്ങളിലൂടെയും ഭരണഘടനാ ചട്ടക്കൂടിലൂടെയും ലക്ഷ്യങ്ങള്‍ ജനങ്ങള്‍ കൈവരിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ശ്രീലങ്കയുടെ ഏറ്റവും അടുത്ത അയൽരാജ്യമാണ് ഇന്ത്യയെന്നും ഇരു രാജ്യങ്ങളും ആഴത്തിലുള്ള ബന്ധം പങ്കിടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. “ശ്രീലങ്കയും അവിടുത്തെ ജനങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ഞങ്ങൾക്കറിയാം, ഈ ദുഷ്‌കരമായ സാഹചര്യം മറികടക്കാൻ ശ്രീലങ്കൻ ജനത ശ്രമിക്കുമ്പോള്‍ ഞങ്ങൾ അവർക്കൊപ്പം നില്‍ക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ശ്രീലങ്കയ്ക്ക് ഞങ്ങളുടെ നയങ്ങളിലുള്ള പ്രത്യേക സ്ഥാനമനുസരിച്ച് ഈ വര്‍ഷം 3.8 ബില്യണ്‍ യുഎസ് ഡോളറിന്റെ ധനസഹായം നല്‍കും. ശ്രീലങ്കയില്‍ തുടരുന്ന ഗുരുതരമായ സാമ്പത്തിക സ്ഥിതി മറികടക്കുന്നതിനായാണിത്. ശ്രീലങ്കയിലെ സാഹചര്യങ്ങള്‍ നിരന്തമായി ഞങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,” അരിന്ദം വ്യക്തമാക്കി.

അതേസമയം, ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറിയ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ദശലക്ഷക്കണക്കിന് രൂപ കണ്ടെടുത്തെന്ന് അവകാശപ്പെട്ടതായി ഞായറാഴ്ച ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കണ്ടെടുത്ത പണം പ്രതിഷേധക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ പണം സുരക്ഷാ യൂണിറ്റുകൾക്ക് കൈമാറുമെന്ന് പറഞ്ഞതായി ഡെയ്‌ലി മിറർ പത്രം റിപ്പോർട്ട് ചെയ്തു.

വസ്തുതകൾ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായി ദിനപത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ രാജപക്‌സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ശനിയാഴ്ച ബാരിക്കേഡുകൾ തകർത്ത് സെൻട്രൽ കൊളംബോയിലെ ഹൈ-സെക്യൂരിറ്റി ഫോർട്ട് ഏരിയയിലെ രാജപക്‌സെയുടെ വസതിയിലേക്ക് എത്തിയിരുന്നു. മറ്റൊരു വിഭാഗം പ്രധാനമന്ത്രി റെനിൽ വിക്രംസിംഗെയുടെ സ്വകാര്യ വസതിയിലേക്ക് എത്തുകയും തീയിടുകയും ചെയ്തു.

22 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ, വിദേശനാണ്യത്തിന്റെ രൂക്ഷമായ ക്ഷാമം മൂലം അവശ്യ ഇന്ധനത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി പണം കണ്ടെത്താൻ രാജ്യം ബുദ്ധിമുട്ടുകയാണ്. വിദേശ കടം തിരിച്ചടവിന് കാരണമായ, രൂക്ഷമായ വിദേശ കറൻസി പ്രതിസന്ധി നേരിടുകയാണ് രാജ്യം. 2026-ഓടെ കുടിശ്ശികയുള്ള ഏകദേശം 25 ബില്യൺ യുഎസ് ഡോളറിൽ ഈ വർഷത്തേക്ക് ഏകദേശം 7 ബില്യൺ ഡോളർ വിദേശ കടം തിരിച്ചടവ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഏപ്രിലിൽ രാജ്യം പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കയുടെ മൊത്തം വിദേശ കടം 51 ബില്യൺ ഡോളറാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India extended support of over 3 8 billion this year for sri lanka mea