/indian-express-malayalam/media/media_files/uploads/2023/10/Delhi-explores-legal-and-diplomatic-options-after-Qatar-death-sentence.jpg)
ഇസ്രയേലിനു വേണ്ടി ചാരപ്രവൃത്തി ചെയ്തുവെന്ന വിധി അറബ് ലോകത്തെ വിവിധ രാജ്യങ്ങളിലുണ്ടാക്കുന്ന രാഷ്ട്രീയ പ്രതികരണങ്ങളും ഈ വേളയിൽ ഇന്ത്യയ്ക്ക് നയതന്ത്ര വെല്ലുവിളി ഉയർത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ ധ്രുവീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ അതൊരു നിർണായക വെല്ലുവിളി തന്നെയാണ്
ഇന്ത്യയിൽ നിന്നുളള എട്ട് മുൻ നാവികസേനാംഗങ്ങളെ ഖത്തറിൽ അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ചതോടെ കഠിനമായ നിയമ, നയതന്ത്ര വെല്ലുവിളികളാണ് കേന്ദ്രത്തിനു മുമ്പിൽ ഉയർന്നിരിക്കുന്നത്.
എട്ടുപേരെയും ശിക്ഷയിൽ നിന്നു വിട്ടുകിട്ടാൻ പലതരത്തിലുളള നിയമപരവും നയതന്ത്രപരവുമായ വഴികൾ തിരയുകയാണ് ഇന്ത്യ ഇപ്പോൾ.
ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഇസ്രയേലിനുവേണ്ടി ചാരവൃത്തി ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് എട്ട് ഇന്ത്യാക്കാരെ അറസ്റ്റ് ചെയ്തിട്ടുളളത്. ഇന്ത്യയുടെ ഭാഗത്തുനിന്ന് കുറ്റകൃത്യത്തെ കുറിച്ച് ഔദ്യോഗിക പ്രസ്താവന ഇതുവരെ ഉണ്ടായിട്ടില്ല.
ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ നിന്നുളള വിധി ആയതുകൊണ്ട് വിധിക്കെതിരേ അപ്പീൽ നൽകാനായി ഇന്ത്യൻ എംബസി ഖത്തറിലെ ഉയർന്ന കോടതിയിൽ മുൻ ഗവൺമെന്റ് കൗൺസൽ ആയിരുന്ന വ്യക്തിയടക്കം മുതിർന്ന നിയമജ്ഞരുടെ സഹായം തേടിക്കൊണ്ടിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. വധശിക്ഷ വിധിച്ച കേസിൽ നിയമോപദേശത്തിനായി ദോഹയിലെ പ്രമുഖ അഭിഭാഷകരെ സമീപിച്ചിരിക്കുകയാണ് എംബസി. കോടതിയുടെ ഈ കടുത്ത നടപടിയ്ക്കും ശിക്ഷാവിധിയ്ക്കും പിന്നിലുളള കാരണങ്ങളും അന്വേഷിക്കും.
വിചാരണ നടത്തിയതു മുതലുളള രീതിയിലെ അവ്യക്തതയാണ് നിയമപരമായി നേരിടുന്ന വലിയ വെല്ലുവിളി. കോടതി രേഖകൾ ലഭിക്കാനുളള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നുണ്ട്. എട്ടുപേരെ അറസ്റ്റ് ചെയ്യാനുളള വ്യക്തമായ കാരണങ്ങൾ ഇതുവരെയും ഖത്തർ അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.
നിയമസഹായത്തോടെ ഉയർന്ന കോടതിയിൽ അപ്പീലിനുളള നടപടികൾ തുടരവേ തന്നെ ഖത്തർ അമീറിന് ദയാഹർജിയും സമർപ്പിക്കാനുളള തീരുമാനത്തിലാണ്. അപ്പീലും ദയഹാർജിയും എന്നിങ്ങനെ രണ്ടുവഴിയാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഈദ് സമയത്ത് പൊതുമാപ്പ് നൽകുന്ന ഭരണാധികാരിയാണ് അമീർ.
രണ്ട് രാജ്യങ്ങളും തമ്മിൽ ഗാഢവും ഊഷ്മളവുമായ ബന്ധം നിലനിൽക്കുന്നതുകൊണ്ട് നയതന്ത്രതലത്തിലുളള ഇടപെടലും ദോഹയിൽ നടത്തുന്നുണ്ട്. കരുത്തുറ്റ സാമ്പത്തിക ബന്ധമാണ് ഇരുരാജ്യങ്ങൾക്കിടയിലുളളത്. അതിൽ പ്രധാനമാണ് ഖത്തറിൽ നിന്നുളള പെട്രോളിയം പ്രകൃതിവാതക ഉത്പന്നങ്ങളുടെ ഇറക്കുമതി. ഇന്ത്യയുടെ പുത്തൻ സമ്പദ് വ്യവസ്ഥയിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ നിക്ഷേപങ്ങൾ പ്രധാനവുമാണ്.
ഭാരതി എയർടെല്ലിന്റെ എയർടെൽ ആഫ്രിക്ക, ബൈജൂസ്, അദാനി ട്രാൻസ്മിഷൻസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി, റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ്, സ്വിഗ്ഗി, ഡെയ്‌ലിഹണ്ട്, അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലാണ് 2019 മുതൽ ഖത്തർ പ്രധാനമായും മുതൽമുടക്കിയിട്ടുളളത്.
സാമ്പത്തിക നിക്ഷേപങ്ങൾക്കു പുറമേ ശക്തമായ രാഷ്ട്രീയ ബന്ധവും ഇരുരാജ്യങ്ങൾ തമ്മിലുണ്ടെന്ന് അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2016 ജൂണിൽ നരേന്ദ്ര മോദിയുടെ ഖത്തർ സന്ദർശനം, 2015 മാർച്ചിൽ ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽ തനിയുടെ ഇന്ത്യൻ സന്ദർശനം, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വിവിധ ദോഹ സന്ദർശനങ്ങൾ എന്നിങ്ങനെ ഉന്നതതല സന്ദർശനങ്ങൾ അത് വെളിവാക്കുന്നു.
പ്രതിരോധ മേഖലയിലും ഖത്തറുമായുളള ബന്ധം ദൃഢമാണ്. ഉഭയകക്ഷി ബന്ധത്തിലെ പ്രധാന ഘടകമാണ് പ്രതിരോധരംഗത്തെ സഹകരണം. ഖത്തർ ഉൾപ്പെടെയുളള വിവിധ പങ്കാളിത്ത രാജ്യങ്ങൾക്ക് ഇന്ത്യ പ്രതിരോധ മേഖലയിൽ പരിശീലനം നൽകുന്നുണ്ട്. ഖത്തറിൽ രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന ദോഹ ഇന്റർനാഷണൽ മാരിടൈം ഡിഫൻസ് എക്സിബിഷൻ & കോൺഫറൻസിൽ ഇന്ത്യ പതിവായി പങ്കെടുക്കാറുണ്ട്. ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ നേവി, കോസ്റ്റ്ഗാർഡ് കപ്പലുകൾ ഖത്തർ സന്ദർശിക്കുന്നതും പതിവാണ്. 2008ൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനത്തെ തുടർന്ന് ഒപ്പുവെച്ച ഇന്ത്യ- ഖത്തർ ഡിഫൻസ് സഹകരണ ഉടമ്പടി 2018 നവംബറിൽ അഞ്ചു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഇന്ത്യയ്ക്ക് ഖത്തറുമായുളള ബന്ധം കൂടി വിഷയം കൈകാര്യം ചെയ്യാൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
എട്ടുലക്ഷം ഇന്ത്യാക്കാർ തൊഴിലെടുക്കുകയും താമസിക്കുകയും ചെയ്യുന്ന ഖത്തറില്‍ ഇന്ത്യയുടെ സല്‍പ്പേര് വളരെ വലുതാണ്. അവരെല്ലാവരും നിയമവ്യവസ്ഥിതി അനുസരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഖത്തർ ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്താൻ സ്വാധീനമുളള ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികളുടെ സഹായവും തേടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
താലിബാന്റെ ആഗോള മിഷന് ദോഹയിൽ ആതിഥേയത്വം വഹിച്ചതുമുതൽ ഇപ്പോൾ ഹമാസ് ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കുന്നതിലുളള ഇടപെടൽ വരെ - അന്താരാഷ്ട്രതലത്തിൽ ഖത്തറിന്റെ നയതന്ത്ര സ്വാധീനം അറിയാവുന്നതുകൊണ്ടുതന്നെ ഖത്തറുമായുളള ചർച്ചയ്ക്ക് രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, പ്രവാസിതലത്തിലുളള സ്വാധീനങ്ങൾ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്.
ഇസ്രയേലിനു വേണ്ടി ചാരപ്രവൃത്തി ചെയ്തുവെന്ന വിധി അറബ് ലോകത്തെ വിവിധ രാജ്യങ്ങളിലുണ്ടാക്കുന്ന രാഷ്ട്രീയ പ്രതികരണങ്ങളും ഈ വേളയിൽ ഇന്ത്യയ്ക്ക് നയതന്ത്ര വെല്ലുവിളി ഉയർത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ ധ്രുവീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ അതൊരു നിർണായക വെല്ലുവിളി തന്നെയാണ്.
ഖത്തറിൽ വളരെ അപൂർവമായി മാത്രമേ വധശിക്ഷ നടപ്പാക്കാറുളളു എന്നുളളതാണ് ഇന്ത്യയ്ക്കുളള ഒരു പ്രതീക്ഷ. രാജ്യത്ത് 2020ലും അതിനു മുമ്പ് 2003ലാണ് വധശിക്ഷ നടപ്പാക്കിയിട്ടുളളത്. സാധ്യമായ എല്ലാ വഴികളും എംബസി ശ്രമിക്കുമ്പോൾ ദോഹയിലെ മുൻ ഇന്ത്യൻ സ്ഥാനപതിയും ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയുമായ ദീപക് മിത്തലും കേസ് ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ട്. തടങ്കലിലായിരുന്ന ഇന്ത്യാക്കാരെ മിത്തൽ മൂന്നുതവണ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ വർഷം ഉണ്ടായ അറസ്റ്റിനെ തുടർന്ന് ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയായിരുന്ന മുൻ നാവികരെ. പിന്നീട് ജയിലിലെ രണ്ട് കിടക്കകളുളള മുറിയിലേക്ക് മറ്റുളളവർക്കൊപ്പം മാറ്റിയത് അൽപമൊരു ആശ്വാസമുളവാക്കുന്ന വാർത്തയായിരുന്നു.
എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നറിയില്ലെങ്കിലും ഇന്ത്യൻ എംബസി തങ്ങൾക്കാകാവുന്ന വിധത്തിൽ അവർക്കാവശ്യമായ സഹായം നൽകാൻ ശ്രമിച്ചിരുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പിച്ചുപറയുന്നു.
അതിലൊന്ന് 2015ൽ ഇന്ത്യയും ഖത്തറും ഒപ്പുവെച്ച തടവുകാരുടെ കൈമാറ്റത്തെ സംബന്ധിച്ച ഉടമ്പടിയാണ്.
പലരാജ്യങ്ങളുമായും ഇന്ത്യ തടവുകാരുടെ കൈമാറ്റത്തെ സംബന്ധിച്ച ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുണ്ട്. ആ രാജ്യങ്ങളിൽ കുറ്റകൃത്യത്തിന് വിധിക്കപ്പെട്ടയാൾക്ക് സ്വന്തം നാട്ടിൽ തടവ് അനുഭവിക്കാനുളള വ്യവസ്ഥയും ഉടമ്പടിയുടെ ഭാഗമാണ്.
“സ്വന്തം രാജ്യത്തേക്ക് കൈമാറ്റം ചെയ്യപ്പെടണമെന്ന ആഗ്രഹം തടവുകാരൻ ഇന്ത്യൻ എംബസിയെയോ കോൺസുലേറ്റിനെയോ അറിയിക്കണം. അപേക്ഷ വിദേശരാജ്യവും ഇന്ത്യയും അംഗീകരിക്കണം. ആ രാജ്യത്ത് അയാൾ ചെയ്ത കുറ്റത്തിനെതിരെ അപ്പീൽ നിലനിൽക്കുന്നുണ്ടെങ്കിൽ തടവുകാരന് ബാക്കി ശിക്ഷ ഇന്ത്യയിൽ അനുഭവിക്കാൻ കഴിയില്ല.”ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
പക്ഷെ അതിന് വധശിക്ഷ ജീവപര്യന്തമായിട്ടെങ്കിലും ഇളവ് ചെയ്യപ്പെടേണ്ടതുണ്ട്. അതാണ് അവസാനവഴി. പക്ഷേ ഇപ്പോൾ വധശിക്ഷ ഒഴിവാക്കാനുളള അപ്പീൽ തന്നെയാണ് നൽകേണ്ടത്.
ദോഹ ആസ്ഥാനമായുളള ദഹ്റ ഗ്ലോബലിലെ ജോലിക്കാരായിരുന്ന ഇന്ത്യൻപൗരന്മാരെ 2022 ആഗസ്റ്റിലാണ് കസ്റ്റഡിയിലെടുത്തത്.
ഇവർക്കെതിരായ കുറ്റമെന്തെന്ന് ഖത്തർ അധികൃതർ ഇനിയും പുറത്തുവിട്ടിട്ടില്ല. പക്ഷേ ദഹ്റ ഗ്ലോബലിന് വേണ്ടി ഇറ്റാലിയൻ മുങ്ങിക്കപ്പലുകളായ U212 കൊണ്ട് വരുന്നതിന്റെ പ്രാരംഭപ്രവർത്തനത്തിന് മേൽനോട്ടം നൽകുകയായിരുന്നു ഇന്ത്യാക്കാർ എന്നുളളതാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.
ക്യാപ്റ്റൻ നവ്തേജ് സിങ്ങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയ്ലർ രാഗേഷ് എന്നീ മുൻ ഇന്ത്യൻ നാവികരാണ് അറസ്റ്റിലായത്. ഇവരെല്ലാവരും ദഹ്റ ഗ്ലോബലിൽ പ്രവർത്തിച്ചു വരികയായിരുന്നു.
വ്യാഴാഴ്ച്ച പുറത്തുവന്ന ശിക്ഷാവിധി വളരെ പ്രധാനപ്പെട്ടതായാണ് കാണുന്നതെന്നും സാധ്യമായ എല്ലാ നിയമവഴികളും പരിശോധിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
“വധശിക്ഷാവിധി അഗാധമായ ഞെട്ടലുണ്ടാക്കി. വിശദമായ വിധിയ്ക്കായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളും നിയമസംഘവുമായി ബന്ധപ്പെട്ടു, ഒപ്പം സാധ്യമായ എല്ലാ നിയമവഴികളും പരിശോധിക്കുകയുമാണ്.”
കോൺസുലർ തലത്തിലും ഇന്ത്യാക്കാർക്കുളള എല്ലാ സഹായവും തുടരുമെന്നും കേസിന്റെ രഹസ്യാത്മകത പരിഗണിച്ച് കൂടുതൽ വിശദീകരണങ്ങൾ നടത്തുന്നത് ഈയവസരത്തിൽ ശരിയല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.