ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സന്തോഷമുളള ജനതയുളള രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് 140-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 സ്ഥാനങ്ങള്‍ പിന്നിലാണ് 2019ല്‍ ഇന്ത്യയുളളത്. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടത്. രണ്ടാം തവണയും ഫിന്‍ലാന്‍ഡ് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുളളത്.
ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി സസ്റ്റൈനബള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍ നെറ്റ്‍വര്‍ക്കാണ് പട്ടിക പുറത്തുവിട്ടത്. സുഖജീവിതം, വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, ആരോഗ്യം, സാമൂഹികമായ പിന്തുണ എന്നിവയുടെ അടിസ്ഥാനത്തിലാണ് സന്തോഷമുളള രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി ലോകരാജ്യങ്ങളില്‍ സന്തോഷം കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ 133-ാം സ്ഥാനത്താണ് ഇന്ത്യ ഉണ്ടായിരുന്നത്.
156 രാജ്യങ്ങളുളള പട്ടികയിലാണ് ഇന്ത്യ 140-ാം സ്ഥാനത്തുളളത്. ഫിന്‍ലാന്‍ഡിന് പിന്നാലെ ഡെന്‍മാര്‍ക്ക്, നോര്‍വെ, ഐസ്‌ലാന്‍ഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് മറ്റ് ആദ്യ സ്ഥാനങ്ങളിലുളളത്. അമേരിക്ക 19-ാം സ്ഥാനത്താണ്. പാക്കിസ്ഥാന്‍ 67-ാം സ്ഥാനത്താണുളളത്. ചൈന 93-ാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് 125-ാം സ്ഥാനത്താണ്. യുദ്ധമേഖലകളുളള രാജ്യങ്ങളാണ് ഏറ്റവും പിന്നിലുളളത്. ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ടാന്‍സാനിയ, റുവാണ്ട എന്നീ രാജ്യങ്ങളാണ് ഏറ്റവും പിന്നില്‍.