scorecardresearch
Latest News

യുവാക്കൾ കുറയും, പ്രായമായവർ കൂടും; ഇന്ത്യയിലെ ജനസംഖ്യയുടെ പോക്ക് ഇങ്ങനെ

കേരളം, തമിഴ്‌നാട്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 2036 ഓടെ യുവാക്കളെക്കാൾ കൂടുതൽ പ്രായമായവർ ആകുമെന്ന് റിപ്പോർട്ട് പറയുന്നു

യുവാക്കൾ കുറയും, പ്രായമായവർ കൂടും; ഇന്ത്യയിലെ ജനസംഖ്യയുടെ പോക്ക് ഇങ്ങനെ

ന്യൂഡൽഹി: 2021-2036 കാലഘട്ടത്തിൽ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം ഉയരുമെന്നും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 2021 വരെ യുവാക്കളുടെ ജനസംഖ്യയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇനി മുതൽ അത് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ ‘യൂത്ത് ഇൻ ഇന്ത്യ 2022’ റിപ്പോർട്ടിൽ പറയുന്നു.

കേരളം, തമിഴ്‌നാട്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 2036 ഓടെ യുവാക്കളെക്കാൾ കൂടുതൽ പ്രായമായവർ ആകുമെന്ന് റിപ്പോർട്ട് പറയുന്നു. “ബീഹാറിലും ഉത്തർപ്രദേശിലും 2021 വരെ മൊത്തം ജനസംഖ്യയിൽ യുവജനസംഖ്യയുടെ അനുപാതത്തിൽ വർദ്ധനവ് കണ്ടിരുന്നു, ഇപ്പോൾ മുതൽ കുറയാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ടു സംസ്ഥാനങ്ങൾക്കൊപ്പം മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാകും രാജ്യത്തെ പകുതിയിലധികം യുവാക്കളും (52 ശതമാനം) ഉണ്ടാവുക” എന്നും റിപ്പോർട്ട് പറയുന്നു.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലത്തിന്റെ സാങ്കേതിക സമിതിയുടെ 2020ലെ റിപ്പോർട്ടി നിന്നുള്ള കണ്ടെത്തലുകൾ ഉദ്ധരിച്ച്, 2021 ൽ ജനസംഖ്യയുടെ 27.2 ശതമാനം 15നും 29 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്നും 2036 ആകുമ്പോഴേക്കും ഇത് 22.7 ആയി കുറയുമെന്നും ഈ റിപ്പോർട്ട് പറയുന്നു.

15 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം കുറയുമെന്നും പ്രായമായവരുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു. “ആദ്യം യുവാക്കളുടെ എണ്ണം വർധിക്കുമെങ്കിലും 2011-2036 കാലഘട്ടത്തിന്റെ അവസാന പകുതിയിൽ കുറയാൻ തുടങ്ങും. മൊത്തം യുവജനസംഖ്യ 1991ൽ 222.7 ദശലക്ഷം ആയിരുന്നത് 2011ൽ 333.4 ദശലക്ഷമായി വർദ്ധിച്ചു, 2021 ഓടെ ഇത് 371.4 ദശലക്ഷമായി ഉയർന്ന് 2036 ഓടെ 345.5 ദശലക്ഷമായി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ യുവാക്കളുള്ള കേരളത്തിൽ, 2021 ൽ യുവജനസംഖ്യ 22.1 ശതമാനവും പ്രായമായവരുടെ ജനസംഖ്യാ വിഹിതം 16.5 ശതമാനവുമാണ്. ഇവിടെ 2036 ഓടെ പ്രായമായവരുടെ എണ്ണം ((22.8 ശതമാനം)) യുവാക്കളുടെ എണ്ണത്തെ (19.2 ശതമാനം) മറികടക്കുമെന്ന് പ്രവചിക്കപ്പെടുന്നു. തമിഴ്‌നാട്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും പ്രായമായവരുടെ എണ്ണം കൂടുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജനസംഖ്യയിൽ ഇന്നത്തെ യുവാക്കളുടെ വലിയൊരു അനുപാതം ഭാവിയിൽ പ്രായമായവരുടെ വലിയൊരു അനുപാതത്തിന് കാരണമാകും “ഇത് മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രായമായവർക്കുള്ള ക്ഷേമ പദ്ധതികൾ/പരിപാടികൾ വികസിപ്പിക്കുന്നതിനുമുള്ള ആവശ്യകത സൃഷ്ടിക്കും,” റിപ്പോർട്ട് പറയുന്നു.

പ്രായമായവരുടെ ജനസംഖ്യ വിഹിതം വർദ്ധിക്കുന്നത് സാമൂഹിക സുരക്ഷയിലും പെൻഷൻ ഉൾപ്പെടെയുള്ള പൊതുക്ഷേമ സംവിധാനങ്ങളിൽ സമ്മർദ്ദം ചെലുത്തുമെന്നും ഉൽപാദനക്ഷമതയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അടുത്ത നാലഞ്ച് വർഷം നന്നായി ഉപയോഗിക്കേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു.

മൊത്തം ജനസംഖ്യയിൽ യുവാക്കളുടെ അനുപാതം 1991 ലെ 26.6 ശതമാനത്തിൽ നിന്ന് 2016ൽ 27.9 ശതമാനമായി വർദ്ധിച്ചു, 2036 ഓടെ ഇത് 22.7 ശതമാനത്തിലെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. നേരെമറിച്ച്, പ്രായമായവരുടെ ജനസംഖ്യ അനുപാതം 1991ൽ 6.8 ശതമാനമായിരുന്നതിൽ നിന്ന് 2016ൽ 9.2 ശതമാനമായി വർദ്ധിച്ചു, 2036ൽ ഇത് 14.9 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ച പുറത്തിറക്കിയ ഐക്യരാഷ്ട്രസഭയുടെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സിന്റെ (ഡബ്ല്യുപിപി) 2022 റിപ്പോർട്ട് അനുസരിച്ച്, 2023ൽ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് പറയപ്പെടുന്നു. കുട്ടികളുടെ എണ്ണത്തിലെ കുറവ്, ജോലി ചെയ്യുന്ന പ്രായത്തിലുള്ള വരുടെ (25 നും 64 നും ഇടയിൽ) വർദ്ധനവിന് കാരണമായെന്നും പ്രായവിഭജനത്തിലെ ഈ മാറ്റം ത്വരിതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് സമയബന്ധിതമായ അവസരമൊരുക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India demography at crossroads elderly may outnumber the youth