scorecardresearch
Latest News

രാജ്യത്ത് ചില്ലറ നാണ്യപ്പെരുപ്പം വീണ്ടും ഉയര്‍ന്നു; ഓഗസ്റ്റില്‍ ഏഴു ശതമാനം

തുടര്‍ച്ചയായ എട്ടാം മാസമാണു ഉപഭോക്തൃ വില സൂചിക ആര്‍ ബി ഐ നിശ്ചയിച്ച ഉയര്‍ന്ന പരിധിയായ ആറ് ശതമാനത്തിനു മുകളില്‍ തുടരുന്നത്

രാജ്യത്ത് ചില്ലറ നാണ്യപ്പെരുപ്പം വീണ്ടും ഉയര്‍ന്നു; ഓഗസ്റ്റില്‍ ഏഴു ശതമാനം

ന്യൂഡല്‍ഹി: മൂന്നു മാസത്തെ താഴോട്ടുള്ള പ്രവണതയില്‍നിന്ന് വ്യത്യസ്തമായി, ഉപഭോക്തൃ വില സൂചിക (സിപി ഐ)യുടെ അടിസ്ഥാനമാക്കിയുള്ള ചില്ലറ നാണ്യപ്പെരുപ്പം വീണ്ടുമുയര്‍ന്നു. ഓഗസ്റ്റില്‍ ഏഴു ശതമാനമാണു രാജ്യത്തെ നാണ്യപ്പെരുപ്പം. ജൂലൈയില്‍ 6.71 ശതമാനമായിരുന്നു നിരക്ക്.

അതിനിടെ, വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐ ഐ പി) അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ ഫാക്ടറി ഉല്‍പ്പാദനം ജൂലൈയില്‍ 2.4 ശതമാനം വളര്‍ച്ച കൈവരിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ രണ്ട് വ്യത്യസ്ത ഡേറ്റകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

തുടര്‍ച്ചയായ എട്ടാം മാസമാണു ഉപഭോക്തൃ വില സൂചിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) നിശ്ചയിച്ച ഉയര്‍ന്ന പരിധിയായ ആറ് ശതമാനത്തിനു മുകളില്‍ തുടരുന്നത്. 2026 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ചില്ലറ നാണ്യപ്പെരുപ്പം നാലു ശതമാനമായി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ ബി ഐയോട് ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റില്‍ ഉപഭോക്തൃ വില സൂചിക 6.90 ശതമാനമായി ഉയരുമെന്നു റോയിട്ടേഴ്സിന്റെ നേതൃത്വത്തില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

ആര്‍ ബി ഐ ദ്വൈമാസ സാമ്പത്തികനയം തയാറാക്കുന്നതില്‍ ഉപഭോക്തൃ വില സൂചിക പ്രാഥമിക ഘടകമാണ്. ആര്‍ ബി ഐയുടെ സാമ്പത്തികനയ സമിതി (എം പി സി) കഴിഞ്ഞ മാസം റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ധിപ്പിച്ച് 5.40 ശതമാനമാക്കിയിരുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പം തടയുന്നതിനായി എം പി സി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ പ്രധാന പലിശ നിരക്ക് 140 ബി പി എസ് ഉയര്‍ത്തിയിട്ടുണ്ട്. എന്നിട്ടും ചില്ലറ നാണ്യപ്പെരുപ്പം പരമാവധി ഉയര്‍ന്ന നിരക്കിനു മുകളിലായി തുടരുകയാണ്. നാണ്യപ്പെരുപ്പം നേരിടുന്നതിനുള്ള തുടര്‍നടപടികള്‍ക്കായി എം പി സി ഈ മാസം അവസാനം യോഗം ചേരുന്നുണ്ട

ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സി എഫ് പി ഐ) അല്ലെങ്കില്‍ ഭക്ഷ്യ പണപ്പെരുപ്പവും ഓഗസ്റ്റില്‍ ഉയര്‍ന്നു. ജൂലൈയിലെ നിരക്കായ 6.69 ശതമാനത്തില്‍നിന്ന് ഓഗസ്റ്റില്‍ 7.62 ആയാണ് ഉയര്‍ന്നത്.

ഓഗസ്റ്റില്‍ പച്ചക്കറി വില 13.23 ശതമാനവും സുഗന്ധവ്യഞ്ജന വില 14.90 ശതമാനവും ഉയര്‍ന്നു. ഭക്ഷ്യധാന്യങ്ങളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില 9.57 ശതമാനവും പാലും പാലുല്‍പ്പന്നങ്ങളുടെയും വില 6.39 ശതമാനവും പഴങ്ങളുടെ വില 7.39 ശതമാനം ഉയര്‍ന്നു. അതേസമയം, മുട്ടയുടെ വില 4.57 ശതമാനം ഇടിഞ്ഞു.

ഇന്ധനം, ലൈറ്റ് സെഗ്മെന്റ് വിഭാഗത്തില്‍ 10.78 ശതമാനവും വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയില്‍ 9.91 ശതമാനവും ഭവന വിഭാഗത്തില്‍ 4.06 ശതമാനവും ഉയര്‍ന്നു.

ഫാക്ടറി ഉല്‍പ്പാദനം ജൂലൈയില്‍ 2.4 ശതമാനം വര്‍ധിച്ച് 134.6 ആയി ഉയര്‍ന്നു. 2021 ജൂലൈയില്‍ 11.5 ശതമാനമായിരുന്നു ഐ ഐ പി വളര്‍ച്ച.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India cpi retail inflation august iip factory output july 2022