ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഉടൻ പുറത്തിറക്കാൻ സാധിക്കുമെന്ന് സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട്. ഇന്ത്യയുടെ ‘കോവിഷീൽഡ്’ എന്നു പേരുള്ള വാക്‌സിൻ ഡിസംബറിൽ അടിയന്തര അനുമതിക്കായി നൽകും. ആരോഗ്യപ്രവർത്തകരിലും പ്രായമായവരിലും മിതമായ നിരക്കിൽ വാക്‌സിൻ പ്രയോഗിക്കാനുള്ള അനുമതിയാണ് സിറം തേടുക. പൂനെ ആസ്ഥാനമായ സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്‌ട്രസെനെകയും ചേർന്നാണ് ഇന്ത്യയിൽ കോവിഡ് വാക്‌സിൻ നിർമിക്കുന്നത്. കോവിഡ് വാക്‌സിൻ മുതിർന്നവരിൽ 99 ശതമാനം വിജയമെന്നു രണ്ടാംഘട്ട പരീക്ഷണഫലത്തിൽ സൂചിപ്പിക്കുന്നുണ്ട്. 60 വയസിനു മുകളിലുള്ളവരിൽ നടത്തിയ പരീക്ഷണത്തിന്റെ വിശദമായ ഫലം ശാസ്ത്ര പ്രസിദ്ധീകരണമായ ലാൻസെറ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഏറെ ഫലപ്രദമെന്നാണ് ഇതിലെ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതും.
ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കും ആദ്യ ലഭ്യത ഉറപ്പാക്കാനാണ് സിറം തീരുമാനിച്ചിരിക്കുന്നത്. അതിനുശേഷം പൊതു രംഗത്തേക്ക് എത്തിക്കും. 2021 മാർച്ച്-ഏപ്രിൽ കാലയളവിൽ വാക്‌സിൻ പൊതു വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട് പറയുന്നു. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിലാണ് വാക്‌സിൻ സൂക്ഷിക്കേണ്ടിവരിക. സ്വകാര്യ വിപണിയിൽ 500 മുതൽ 600 വരെയായിരിക്കും വാക്‌സിൻ വിലയെന്നും സിറം വ്യക്തമാക്കുന്നു.
Read Also: കമോൺ ഇന്ത്യ; ഐഎസ്എൽ ആരവങ്ങൾക്ക് ഇന്ന് കിക്കോഫ്, ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങും
അതേസമയം, മറ്റ് രാജ്യങ്ങളുടെ വാക്‌സിനും ഉടൻ പുറത്തിറക്കാൻ സാധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ, യുഎസ് കമ്പനിയായ ഫെെസർ കോവിഡ് വാക്‌സിൻ പരീക്ഷണം 90 ശതമാനം വിജയകരമെന്ന് അവകാശപ്പെട്ടിരുന്നു. തങ്ങളുടെ വാക്‌സിൻ പരീക്ഷണം 95 ശതമാനവും വിജയകരമെന്നാണ് ഇപ്പോൾ ഫെെസർ അവകാശപ്പെടുന്നത്. വാക്സിനിന്റെ ക്ലിനിക്കൽ ട്രയലുമായി ബന്ധപ്പെട്ട ഒടുവിൽ ലഭിച്ച ഫലങ്ങൾ 95% ഫലപ്രദമാണെന്ന് ഫെെസർ പറഞ്ഞു. ഇതിന് ആവശ്യമായ രണ്ട് മാസത്തെ സുരക്ഷാ ഡാറ്റയുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ യുഎസ് സർക്കാരിന്റെ അടിയന്തര അംഗീകാരത്തിന് അപേക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി.
എല്ലാ പ്രായത്തിലുമുള്ളവരിലും വ്യത്യസ്‌ത ജനവിഭാഗങ്ങളിലും വാക്‌സിൻ ഫലപ്രാപ്‌തി കാണിക്കുന്നുണ്ടെന്നും വലിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നും വാക്‌സിൻ നിർമാതാക്കൾ അവകാശപ്പെട്ടു. കോവിഡ് ബാധിതരിൽ പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ളവരിൽ വാക്‌സിൻ 94 ശതമാനവും സ്ഥിരത പുലർത്തുന്നുണ്ടെന്നാണ് ഫൈസർ പറയുന്നത്.
ജർമൻ കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് ഇവർ ഒരാഴ്‌ച മുൻപ് അറിയിച്ചത്. നിലവിൽ പരീക്ഷണങ്ങൾ നടത്തിവരുന്ന വാക്‌സിനുകളിൽ ഏറ്റവും വേഗത്തിൽ വിജയം കാണാൻ സാധ്യതയുള്ളത് ഫൈസറിന്റേതാണ്.
ഫൈസറിന് പിന്നാലെ കോവിഡ് വാക്‌സിൻ ഫലപ്രാപ്‌തിയിലെത്തിയെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തി. കോവിഡ് പ്രതിരോധത്തിനായി തങ്ങൾ വികസിപ്പിച്ച സ്പുട്നിക് 5 വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യയുടെ അവകാശവാദം. ബെലാറസ്, യു.എ.ഇ., വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.