ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിലും ആറിരട്ടിയായിരിക്കാമെന്ന് പഠനം. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത് 3.2 ദശലക്ഷമാണെന്ന് കണക്കാക്കുന്നു. ഇതുവരെ 483,178 കോവിഡ് മരണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 71% അല്ലെങ്കിൽ 2.7 ദശലക്ഷം മരണങ്ങൾ സംഭവിച്ചത് കഴിഞ്ഞ വർഷം ഏപ്രിലിനും ജൂൺ മാസത്തിനും ഇടയിലാണെന്ന് ഗവേഷകർ കണ്ടെത്തി. കാനഡയിലെ ടൊറാന്റോ സർവകലാശാലയിലെ പ്രൊഫസർ പ്രഭാത് ഝാ, ഡാർട്മൗത്ത് കോളേജിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലെ ഡോ.പോ നൊവാദ് തുടങ്ങി ഇന്ത്യ, കാനഡ, യുഎസ് എന്നിവിടങ്ങളിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്.
”ഇന്ത്യയുടെ ഔദ്യോഗിക ക്യുമുലേറ്റീവ് കൊവിഡ് മരണസംഖ്യ 0.48 ദശലക്ഷമെന്നത് സൂചിപ്പിക്കുന്നത് കോവിഡ് മരണനിരക്ക് ഏകദേശം 345/ ദശലക്ഷം ജനസംഖ്യയാണ്, ഇത് യുഎസിലെ മരണനിരക്കിന്റെ ഏഴിലൊന്നാണ്. ഗ്രാമപ്രദേശങ്ങളിലാണ് മരണസംഖ്യ കൂടുതൽ. കോവിഡിനെ തുടർന്നുണ്ടായ പല മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വിശ്വസിക്കപ്പെടുന്നു,” പഠനം പറയുന്നു.
ടെലിഫോൺവഴിയുള്ള സർവേയിൽ പങ്കാളികളായ 140,000 പേരിൽനിന്നും ലഭിച്ച വിവരങ്ങളും സർക്കാരിന്റെ ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം വഴി 200,000 ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളും, കൂടാതെ 10 സംസ്ഥാനങ്ങളിലെ സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റത്തിൽ രേഖപ്പെടുത്തിയ മരണങ്ങളുടെയും വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.
Read More: മൂന്നാം ഡോസിന് പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ട; കുത്തിവയ്പ് തുടങ്ങുന്നത് തിങ്കളാഴ്ച മുതൽ