ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കോവിഡ് ബാധിച്ചു. 39,258 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമായി കുറഞ്ഞു.
541 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4.24 ലക്ഷമായി ഉയരുകയും ചെയ്തു.
രാജ്യത്ത് ഏറ്റവും അധികം കോവിഡ് മരണങ്ങള്‍ സംഭവിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇന്നലെ സംസ്ഥാനത്ത് 225 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്.
3.16 കോടി പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 4.10 ലക്ഷമായും വര്‍ധിച്ചു.
രോഗവ്യാപനം ശമിക്കാതെ തുടരുന്നത് കേരളത്തിലാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ പകുതിയും സംസ്ഥാനത്ത് നിന്നാണ്. 20, 624 പേര്‍ക്കാണ് പുതുതായി രോഗം.
രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി തുടര്‍ന്ന മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ മൂവായിരത്തില്‍ താഴെയാണ് നിലവില്‍. ആന്ധ്രാ പ്രദേശ് (2,058), തമിഴ്നാട് (1,986), കര്‍ണാടക (1,987), ഒഡീഷ (1,578) എന്നിങ്ങനെയാണ് കണക്കുകള്‍.
Also Read: അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം രോഗികള്‍; കേന്ദ്ര സംഘം നാളെ ആരോഗ്യമന്ത്രിയെ കാണും