ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടുംവർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4,370 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗ ബാധിച്ചവരുടെ എണ്ണം 4,31,76,81 ആയി. ഒരു ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 34 ദിവസങ്ങൾക്ക് ശേഷമാണ് പോസിറ്റിവിറ്റി നിരക്ക് ഒന്നിന് മുകളിൽ എത്തുന്നത്.
24,052 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 15 പുതിയ മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,692 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ സജീവ കേസുകളിൽ 1,636 കേസുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.03 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനവുമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്. മെയ് ഒന്നിന് പ്രതിദിന പോസിറ്റിവിറ്റി 1.07 ശതമാനമായിരുന്നു.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു സംസ്ഥാനങ്ങളിലും 1500ൽ അധികം കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 11.39 ശതമാനമാണ് കേരളത്തിലെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ). മൂന്ന് മാസത്തിന് ശേഷമാണ് ടിപിആർ പത്തിനു മുകളിൽ എത്തുന്നത്.
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.
Also Read: ആശങ്കയായി കോവിഡ് വീണ്ടും ഉയരുന്നു; മൂന്നു മാസത്തിന് ശേഷം ടിപിആർ പത്തിന് മുകളിൽ