ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 13,405 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 235 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 1,81,075 ആയി കുറഞ്ഞു. ഇന്നലെ ഇത് 2.02 ലക്ഷമായിരുന്നു. ആകെ രോഗികളുടെ 0.42 ശതമാനം മാത്രമാണിത്.
കഴിഞ്ഞ 16 ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.93 ശതമാനത്തിൽ നിന്ന് ഒറ്റയടിക്കാണ് 1.24 ശതമാനത്തിലേക്ക് കുറഞ്ഞത്. അതേസമയം, പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 2.12 ശതമാനത്തിൽ നിന്ന് 1.98 ശതമാനമായി കുറഞ്ഞു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,28,51,929 ആണ്. 5,12,344 പേർക്കാണ് ഇതുവരെ മഹാമാരിയിൽ ജീവൻ നഷ്ടമായത്. 98.38 ശതമാനമാണ് രോഗമുക്തി നിരക്ക്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35.50 ലക്ഷം ഡോസ് വാക്സിനാണ് നൽകിയത്. ഇതുവരെ ആകെ 175.83 കോടി വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.
Also Read: കോർബെവാക്സിന് 12 മുതൽ18 വയസ്സ് വരെയുള്ളവർക്കിടയിൽ അടിയന്തര ഉപയോഗത്തിന് അനുമതി
അതേസമയം, ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇയുടെ കോവിഡ് -19 വാക്സിൻ കോർബെവാക്സിന് 12 മുതൽ18 വയസ്സ് വരെ പ്രായമുള്ളവർക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇന്നലെ അനുമതി നൽകി.
നിലവിൽ 15-18 പ്രായപരിധിയിലുള്ളവർക്ക് മാത്രമാണ് രാജ്യത്ത് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ നൽകുന്നത്. കോവിഡ് വാക്സിനേഷൻ പരിധി 12 വയസ്സ് വരെ ഉയർത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ വാക്സിൻ വിതരണത്തിനുള്ള സർക്കാരിന്റെ വിദഗ്ധ സമിതി ഉടൻ യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.