ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് പഞ്ചാബിലെ എല്ലാ ജില്ലകളിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ റാലികൾ നിരോധിച്ചതായും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അറിയിച്ചു. ഏപ്രിൽ 30 വരെയാണ് ഈ നിരോധനം. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള നിയമലംഘകർക്കെതിരെ ഡിഎംഎ, പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പഞ്ചാബിലെ 12 ജില്ലകളിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന രാത്രി 9 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ നീട്ടുന്നതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്കാരം / വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വീടിനുള്ളിൽ 50 പേർക്കും ഔട്ട്‌ഡോർ പരിപാടികൾക്കായി 100 ആയും കുറച്ചു. എല്ലാ സർക്കാർ ജീവനക്കാർക്കും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

Read More: കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; വ്യാഴാഴ്ച മുതല്‍ കര്‍ശന പരിശോധന

അതേസമയം സംസ്ഥാനത്ത് കോവിഡ് വാക്സിനുകളുടെ എണ്ണത്തിൽ കുറവുള്ളതായി മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തെ ധരിപ്പിച്ചു. അധിക സ്റ്റോക്കുകൾ അയയ്ക്കാൻ കേന്ദ്രത്തോട് മഹാരാഷ്ട്ര ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 13 ലക്ഷം ഡോസ് കോവാക്സിൻ, കോവിഷീൽഡ് എന്നിവ സ്റ്റോക്കുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ തീർന്നുപോകുമെന്നാണ് കണക്കാക്കുന്നതെന്നും സർക്കാർ പറഞ്ഞു.

സംസ്ഥാനത്ത് പ്രതിദിനം 3.5 ലക്ഷം മുതൽ 4 ലക്ഷം വരെ ആളുകൾക്ക് കുത്തിവയ്പ്പ് നടത്തുന്നുണ്ട്. ചൊവ്വാഴ്ച രാത്രി വരെ 8.56 ദശലക്ഷത്തിലധികം പേർക്ക് വാക്സിൻ ലഭിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത് 3.88 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകി.

രാജ്യത്ത് 115,736 പുതിയ കോവിഡ് കേസുകളാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. ഇതിൽ മഹാരാഷ്ട്രയിൽ 55,469 കേസുകളും ഛത്തീസ്ഗഢിൽ 9,921 കേസുകളും റിപ്പോർട്ട് ചെയ്തു. കർണാടക, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ അയ്യായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

Read More: മഹാരാഷ്ട്ര ലോക്ക്ഡൗൺ: ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ റെയിൽവേ സ്റ്റേഷനുകളിൽ കഴിച്ചുകൂട്ടി തൊഴിലാളികൾ

ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 1,28,01,785 ആണ്. അതിൽ 8,43,473 സജീവ കേസുകളും ഉൾപ്പെടുന്നു. 1,17,92,135 പേർ വൈറസിൽ നിന്ന് രോഗമുക്തി നേടി.

ചൊവ്വാഴ്ച 630 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ മരണസംഖ്യ 1,66,177 ആയി. ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ മാത്രം ചൊവ്വാഴ്ച 297 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, കർണാടക എന്നിവയാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ.

ചൊവ്വാഴ്ച, രാജ്യത്ത് 43,00,966 പേർക്ക് കോവിഡ് വാക്സിൻ നൽകി. ഇതുവരെ 8,70,77,474 ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook