scorecardresearch
Latest News

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന; 1,300 പുതിയ രോഗികള്‍, മൂന്ന് മരണം

ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം പേര്‍ ചികിത്സയിലുള്ളത് കേരളത്തിലാണ്

Covid, India, news

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,300 പേരാണ് രോഗബാധിതരായത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 7,605 ആയി ഉയര്‍ന്നു. 2022 നവംബര്‍ മൂന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

മൂന്ന് മരണവും മഹാമാരി മൂലം സംഭവിച്ചിട്ടുണ്ട്. ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. 718 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം പേര്‍ ചികിത്സയിലുള്ളത് കേരളത്തിലാണ്. 2,009 പേര്‍ക്കാണ് സംസ്ഥാനത്ത് നിലവില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയാണ് ആയിരത്തിന് മുകളില്‍ രോഗികളുള്ള മറ്റ് സംസ്ഥാനങ്ങള്‍.

കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും ലാബ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരേണ്ടതിന്റെയും ശ്വസന ശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ട് പറയുന്നു. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ സ്ഥിതിഗതികളും പൊതുജനാരോഗ്യ തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിനായി നടത്തിയ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India covid 1300 news cases and three deaths reported