scorecardresearch

Latest News

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; 24 മണിക്കൂറിൽ 3.37 ലക്ഷം കേസുകൾ

അതേസമയം, കോവിഡ് വന്നവരുടെ വാക്സിനേഷൻ മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,37,704 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തേതിൽ നിന്ന് 9,550 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 2,42,676 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,13,365 ആയി.

ഒമിക്രോൺ കേസുകളുടെ എണ്ണം 10,000 കടന്നു. 10,050 പേർക്കാണ് ഇതുവരെ ഒമിക്രോൺ ബാധിച്ചിരിക്കുന്നത്. അതേസമയം, കോവിഡ് വന്നവരുടെ വാക്സിനേഷൻ മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കരുതല്‍ വാക്സിനും ഇതേ സമയപരിധിയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

Also Read: നാളെ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ; ഹോട്ടലുകളിൽ പാഴ്സൽ മാത്രം, ചടങ്ങുകൾക്ക് 20 പേർ, ലംഘിച്ചാൽ കർശന നടപടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എന്നാൽ സംസ്ഥാനത്തെ രാത്രി കർഫ്യൂ തുടരും. എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് രാത്രി കർഫ്യൂ തുടരുക.

ഡൽഹിയിലും മുംബൈയിലും കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച യഥാക്രമം 10,756, 5,008 കേസുകളാണ് ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ പോസിറ്റീവ് നിരക്ക് കഴിഞ്ഞ ദിവസം 18.04 ശതമാനമായി കുറഞ്ഞപ്പോൾ, മുംബൈയിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകളിൽ കുറവ് രേഖപ്പെടുത്തി.

എന്നാൽ കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും 40,000 ൽ ഏറെ കേസുകൾ റിപ്പോർട്ട് ചെയ്തു. 41,668 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രോഗവ്യാപനം രൂക്ഷമാണ്. ഇവിടങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 50നു മുകളിലാണ്. പരിശോധന നടത്തുന്ന രണ്ടിലൊരാൾ പോസിറ്റീവ് ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India coronavirus updates omicron guidelines vaccinations