ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. ബാലാകോട്ടിലെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകര്‍ത്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെയാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായതെന്നും ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ നടത്തിയത് സൈനിക ആക്രമണമല്ലെന്നും പ്രതിരോധ നീക്കം മാത്രമാണെന്നും ഗോഖലെ വ്യക്തമാക്കി.

കൊല്ലപ്പെട്ടവരില്‍ സൈനിക പരിശീലന ലഭിച്ച ഭീകരരും ജെയ്ഷയുടെ കമാന്‍ഡര്‍മാരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജെയ്‌ഷെയുടെ ഏറ്റവും വലിയ ക്യാംപാണ് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ടിലെ ജെയ്‌ഷെ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തെ കുറിച്ച് മാത്രമേ അദ്ദേഹം സംസാരിച്ചുള്ളൂ. ജനവാസ മേഖലയിലല്ല ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.

IAF Air Strike in Pakistan LIVE Updates:

ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പലപ്പോഴും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ അതെല്ലാം അവര്‍ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധു മൗലാന യൂസഫ് അസ്ഹറാണ് ആക്രമണം നടത്തിയ ക്യാംപിന് നേതൃത്വം നല്‍കിയിരുന്നത്. ഈ ഓപ്പറേഷനില്‍ നിരവധി ജെയ്‌ഷെ മുഹമ്മദ് ഭീകരരും അവരുടെ മുതിര്‍ന്ന കമാന്‍ഡറും കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു

മിറാഷ് 2000 ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളുടെ സഹായത്തോടെ ആയിരം കിലോയോളം ബോംബ് ഭീകരരുടെ ക്യാംപുകളില്‍ നിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. 21 മിനിറ്റിനുള്ളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. രാവിലെ ഏഴ് മണിയോടെയായിരുന്നു മീറ്റിങ്. ക്യാബിനറ്റ് യോഗവും വിളിച്ചിട്ടുണ്ട്. വ്യോമസേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും അതിര്‍ത്തിയില്‍ സേന സജ്ജരാണെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാക് വ്യോമസേനയുടെ ഭാഗത്തു നിന്നുമുള്ള ഏത് ആക്രമത്തേയും ചെറുക്കാന്‍ സജ്ജമാണ് ഇന്ത്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook