ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിനേഷനെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു. കടുത്ത അലര്‍ജി (അനാഫൈലക്‌സിസ്) മൂലമാണ് മരണം സംഭവിച്ചത്. വാക്‌സിനേഷന്റെ പാര്‍ശ്വഫലങ്ങള്‍ പഠിക്കുന്ന സര്‍ക്കാര്‍ സമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കോവിഡ് -19 വാക്‌സിനേഷനെത്തുടര്‍ന്നുള്ള ഗുരുതരമായ പ്രതികൂല സംഭവങ്ങള്‍ പഠിക്കുന്ന ദേശീയ സമിതി ഇത്തരം 31 കേസുകളുടെ കാരണങ്ങള്‍ വിലയിരുത്തി. മാര്‍ച്ച് എട്ടിനു വാക്‌സിന്‍ ലഭിച്ച അറുപത്തിയെട്ടുകാരന്‍ ഇതേത്തുടര്‍ന്നുള്ള കടുത്ത അലര്‍ജി മൂലം മരിച്ചതായി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
”കോവിഡ് -19 വാക്‌സിനേഷനുമായി ബന്ധപ്പെട്ട, അനാഫൈലക്‌സിസ് മൂലമുള്ള ആദ്യ മരണമാണിത്. വാക്‌സിന്‍ ലഭിച്ചശേഷം കുത്തിവയ്പ് കേന്ദ്രത്തില്‍ 30 മിനിറ്റ് കാത്തിരിക്കേണ്ടതിന്റെ ആവശ്യകത ഇത് വീണ്ടും ഊന്നിപ്പറയുന്നു. ഈ സമയത്തിനുള്ളില്‍ മിക്ക അനാഫൈലക്റ്റിക് പ്രതികരണങ്ങളും സംഭവിക്കുന്നു. ഉടനടിയുള്ള ചികിത്സ മരണം തടയുന്നു,” അഡ്വേഴ്സ് ഇവന്റ്സ് ഫോളോയിങ് ഇമ്യൂണൈസേഷന്‍ (എഇഎഫ്ഐ) സമിതി ചെയര്‍പേഴ്സണ്‍ ഡോ. എന്‍.കെ.അറോറ പിടിഐയോട് പറഞ്ഞു.
അനാഫൈലക്‌സിസ് ബാധിച്ച മറ്റു രണ്ടു പേര്‍ക്ക് ജനുവരി 19, 16 തീയതികളിലാണു വാക്‌സിന്‍ നല്‍കിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തു.
Also Read: കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
ഫെബ്രുവരി അഞ്ചിനു നടന്ന അഞ്ച് കേസുകളും മാര്‍ച്ച് ഒന്‍പതിനുണ്ടായ എട്ട് കേസുകളും മാര്‍ച്ച് 31നുണ്ടായ 18 കേസുകളും എഇഎഫ്ഐ പരിശോധിച്ചു.
ഏപ്രില്‍ ആദ്യ വാരത്തിലെ കണക്കനുസരിച്ച്, 10 ക്ഷം വാക്‌സിന്‍ ഡോസിനു 2.7 മരണവും 4.8 ആശുപത്രി അഡ്മിഷനുമാണ് റിപ്പോര്‍ട്ട് ചെയ്യല്‍ നിരക്ക്. മരണങ്ങളും ആശുപത്രി അഡ്മിഷനും റിപ്പോര്‍ട്ട് ചെയ്യുന്നത് വാക്‌സിനേഷന്‍ മൂലമാണ് സംഭവിച്ചതെന്ന് യാന്ത്രികമായി സൂചിപ്പിക്കുന്നില്ലെന്നും എഇഎഫ്ഐ വ്യക്തമാക്കി.
ചെറിയ അപകടസാധ്യതയേക്കാള്‍ വളരെ വലുതാണ് വാക്‌സിനേഷന്റെ പ്രയോജനങ്ങളെന്നും ഉയര്‍ന്നുവരുന്ന ഹാനികരമായ എല്ലാ സൂചനകളും ജാഗ്രതയോടെ കൃത്യമായി നിരീക്ഷിക്കുകയും അവലോകനം ചെയ്യുന്നുണ്ടെന്നും സമിതി വ്യക്തമാക്കി.