scorecardresearch

‘ഭയാനകം’; റുഷ്ദിക്കെതിരായ ആക്രമണത്തില്‍ രണ്ടാഴ്ചയ്ക്കുശേഷം ഇന്ത്യയുടെ പ്രതികരണം

സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ട് ഏതാണ്ട് രണ്ടാഴ്ചയ്ക്കുശേഷമാണ് ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക പ്രതികരണമുണ്ടായിരിക്കുന്നത്

‘ഭയാനകം’; റുഷ്ദിക്കെതിരായ ആക്രമണത്തില്‍ രണ്ടാഴ്ചയ്ക്കുശേഷം ഇന്ത്യയുടെ പ്രതികരണം
Photo: Facebook/Salman Rushdie

ന്യൂഡല്‍ഹി: ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ആക്രമണത്തെ ‘ഭയാനകം’ എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ റുഷ്ദി ആക്രമിക്കപ്പെട്ട് ഏതാണ്ട് രണ്ടാഴ്ചയ്ക്കുശേഷമാണ് ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക പ്രതികരണമുണ്ടായിരിക്കുന്നത്. റുഷ്ദിക്കെതിരായ ആക്രമണം ആഗോളരോഷത്തിന് കാരണമായെങ്കിലും ഇന്ത്യ ഇതുവരെ മൗനം പാലിക്കുകയായിരുന്നു.

”അക്രമത്തിനും തീവ്രവാദത്തിനുമെതിരെയാണ് ഇന്ത്യ എപ്പോഴും നിലകൊള്ളുന്നത്. സല്‍മാന്‍ റുഷ്ദിക്കെതിരായ ഭീകരമായ ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു, അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു,’ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതിവാര പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.

റുഷ്ദിയുടെ ‘ദി സാത്താനിക് വേഴ്സസ് എന്ന നോവല്‍’ ഇസ്ലാം വിരുദ്ധമാണെന്ന ആരോപണമുര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള റുഹോള ഖൊമേനി 1989-ല്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഈ പുസ്തകം നിരോധിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഓഗസ്റ്റ് 12 നു ന്യൂയോര്‍ക്കിലാണു എഴുപത്തി അഞ്ചുകാരനായ റുഷ്ദി കുത്തേറ്റത്. വെസ്റ്റേണ്‍ ന്യൂയോര്‍ക്കിലെ ഷൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷന്റെ സാഹിത്യ പരിപാടിയിലായിരുന്നു സംഭവം.

ശരീരത്തിന്റെ പലഭാഗങ്ങളിലായി അദ്ദേഹത്തിനു കുത്തേറ്റു. കരളിനു മുറിവേല്‍ക്കുകയും ഒരു കൈയിലെയും കണ്ണിലും ഞരമ്പുകള്‍ അറ്റുപോകുകയും ചെയ്തതായി അദ്ദേഹത്തന്റെ ഏജന്റ് ആന്‍ഡ്രൂ വൈലി പറഞ്ഞിരുന്നു. റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

ലെബനീസ് വംശജനായ ഹാദി മാറ്റര്‍ എന്ന ഇരുപത്തിനാലുകാരനായ ന്യൂജേഴ്സി നിവാസി റുഷ്ദിയെ ആക്രമിച്ചത്. ഇയാളെ സംഭവസ്ഥലത്തുനിന്നു തന്നെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്നാണ് ഇയാള്‍ അഭിഭാഷകന്‍ മുഖേന വാദിച്ചിരിക്കുന്നത്.

സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ഇറാന്‍ പിന്നീട് പറഞ്ഞിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം റുഷ്ദിയ്ക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും മാത്രമാണെന്ന് ഇറാന്‍ പറഞ്ഞത്.

ഇസ്ലാമിക വിശുദ്ധിയെ അപമാനിച്ചും 150 കോടി മുസ്ലിംകളുടെ വികാരം മറികടന്നുകൊണ്ടും സല്‍മാന്‍ റുഷ്ദി ജനരോഷം സ്വയം വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യം റുഷ്ദിയുടെ എഴുത്തിലെ മതത്തിനെതിരായ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India condemns attack on salman rushdie