ന്യൂയോർക്ക്: കോവിഡ്-19 പരിശോധന കൂടുതലായി നടത്തിയാൽ ഇന്ത്യയിലും ചൈനയിലും യുഎസിലേക്കാൾ കൂടുതൽ രോഗബാധിതരെ കണ്ടെത്താനാവുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ ഇതുവരെ രണ്ടു കോടിയിലധികം സാംപിളുകൾ പരിശോധിച്ചതായും ട്രംപ് പറഞ്ഞു. മെയ്ൻ സംസ്ഥാനത്തെ മരുന്ന് നിർമാണ കേന്ദ്രമായ പ്യൂരിറ്റൻ മെഡിക്കൽ പ്രോഡക്ട്സിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

നിലവിൽ യുഎസിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. മരണ സംഖ്യയും യുഎസിലാണ് ഏറ്റവും കൂടുതൽ. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം 19 ലക്ഷം കോവിഡ് ബാധിതരാണ് യുഎസിൽ. 1,09,000 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

ഇന്ത്യയിൽ ജൂൺ 05 വരെയുള്ള കണക്കുകൾ പ്രകാരം 2,36,657 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6,642 പേരാണ് മരിച്ചത്. കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയിൽ 84,177 പേരാണ് രോഗബാധിതരായത്. 4,638 പേർ മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 6,757,439 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 395,233 പേർ മരണപ്പെട്ടു.

“ഞങ്ങൾ 20 ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയ ശേഷമാണ് ഈ നിലയിൽ. കൂടുതൽ പരിശോധിക്കുമ്പോഴാണ് നിങ്ങൾ കൂടുതൽ രോഗബാധ കണ്ടെത്തുന്നതെന്ന് ഓർക്കുക. എല്ലാ തവണ പരിശോധിക്കുമ്പോഴും ഞാൻ എന്റെ ജനങ്ങളോട് പറയാറുണ്ട്, നിങ്ങൾ കൂടുതൽ കേസുകൾ കണ്ടെത്തുന്നത് നമ്മൾ കൂടുതൽ പരിശോധനകൾ നടത്തുന്നതിനാലാണെന്ന്. നമുക്ക് കൂടുതൽ കേസുകളുണ്ടെങ്കിൽ, ചൈനയിലോ ഇന്ത്യയിലോ മറ്റ് സ്ഥലങ്ങളിലോ പരിശോധന നടത്തുകയാണെങ്കിൽ, അവിടെ കൂടുതൽ കേസുകൾ ഉണ്ടാകുമെന്ന് ഞാൻ ഉറപ്പ് പറയുന്നു,” ട്രംപ് പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ജർമനിയിലേയും ദക്ഷിണ കൊറിയയിലേയും കോവിഡ് പരിശോധനാ നിരക്കുകളുമായി യുഎസിലെ പരിശോധനാ നിരക്കിനെ ട്രംപ് താരതമ്യം ചെയ്തു. ജർമനി 40 ലക്ഷത്തോളവും ദക്ഷിണ കൊറിയ 30 ലക്ഷത്തോളവും പരിശോധനകൾ നടത്തിയതായാണ് അവകാശപ്പെടുന്നതെന്നു ട്രംപ് പറഞ്ഞു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 40 ലക്ഷത്തിലധികം പേരുടെ സാംപിളുകളാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Read More: രാജ്യത്തെ കോവിഡ് മരണങ്ങളിൽ 73 ശതമാനവും മറ്റ് രോഗങ്ങളുണ്ടായിരുന്നവർ

പ്യൂരിറ്റാൻ മെഡിക്കൽ പ്രോഡക്ട്സിൽ സംസാരിക്കുന്നതിനിടെയും കോവിഡ് -19 ചൈനയിൽ നിന്നുള്ള “ശത്രു” ആണെന്ന വാദം ട്രംപ് ആവർത്തിച്ചു. “തീർച്ചയായും ഇത് ഒരു ശത്രുവാണ്. ഇത് ചൈനയിൽ നിന്നാണ് വന്നത്, ചൈനയിൽ നിർത്തേണ്ടതായിരുന്നു. അവർ അത് ചെയ്തില്ല,” ട്രംപ് ആരോപിച്ചു.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ദേശീയവും വ്യാവസായികവുമായ പടയൊരുക്കമെന്ന് വിശേഷിപ്പിച്ച ട്രംപ് യുഎസ് സർക്കാരിന്റെയും രാജ്യത്തെ വ്യവസായ മേഖലയുടെയും മേലുള്ള തന്റെ നിയന്ത്രണത്തിലൂടെ അദൃശ്യമായ ശത്രുവിനെ പരാജയപ്പെടുത്തുമെന്നും പറഞ്ഞു.

Read More: കൊറോണ വൈറസിനെ വയോധികരായ പുരുഷന്‍മാര്‍ ഭയക്കുന്നില്ലെന്ന് പഠനം

“വാക്സിനുകളുടെ വികസനം വേഗത്തിലാക്കാൻ ചുവപ്പു നാടകൾ ഒഴിവാക്കി. വാക്സിൻ വികസനം മികച്ച രീതിയിൽ പോവുന്നു, ചികിത്സാ രീതികളും. പ്യൂരിറ്റാനെപ്പോലുള്ള സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെയും ഞങ്ങൾ പങ്കാളികളാക്കി,” ട്രംപ് പറഞ്ഞു. 150 കോടി വ്യക്തിഗത സുരക്ഷാ ഉപകരണ കിറ്റുകളാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയതെന്നും ട്രംപ് പറഞ്ഞു.

Read More: If they test more, India and China will have more Covid-19 cases than US: Trump

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook