ന്യൂഡൽഹി: ലഡാക്കിലെ സംഘർഷമേഖലയിൽനിന്ന് ഇന്ത്യ-ചൈന സേനകൾ പിൻമാറി തുടങ്ങി. ഗൽവാൻ പ്രദേശത്ത് പട്രോൾ പോയിന്റ് 14 ൽനിന്നാണ് ഇരുരാജ്യങ്ങളുടെയും സൈന്യം പിൻമാറി തുടങ്ങിയത്. ഹോട് സ്‌പ്രിങ്സ് സെക്ടറിലെ പട്രോൾ പോയിന്റ്15, പട്രോൾ പോയിന്റ്17എ എന്നിവിടങ്ങളിൽനിന്നും ഇരുരാജ്യങ്ങളുടെയും സേനകൾ പിൻവാങ്ങുമെന്നാണ് സൂചന.

അഞ്ചു ദിവസം കമാൻഡർ തലത്തിൽ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് സംഘർഷ മേഖലകളിൽനിന്നും ഇരുരാജ്യങ്ങളുടെയും സൈന്യത്തിന്റെ പിൻമാറ്റത്തിന് ധാരണയായത്. സേനകളുടെ അംഗബലം കുറയ്ക്കാനും ധാരണയായതായാണ് സൂചന.

”ഗൽവാനിൽനിന്നും കുറച്ചുദൂരം ചൈനീസ് സേന പിൻമാറിയതായും ഇവിടത്തെ താൽക്കാലിക നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കിയതായും ഇന്നലെ വൈകീട്ട് ശ്രദ്ധയിൽപ്പെട്ടു. ചൈനീസ് സേനയെ കൊണ്ടുപോകാനായി ചില വാഹനങ്ങൾ പ്രദേശത്ത് എത്തുകയും ചെയ്തിരുന്നു,” സർക്കാർ വൃത്തങ്ങൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു.

Read Also: കൊറോണ വൈറസ് വായുവിലൂടെ പകരാമെന്ന് ശാസ്ത്രജ്ഞർ

ചൈനീസ് സേനയുടെ പിൻമാറ്റം സ്ഥിരീകരിക്കാൻ ഇന്ത്യൻ സേന ടീം സ്ഥലത്തേക്ക് പോകും. വിശദമായ റിപ്പോർട്ട് നാളയേ കിട്ടൂ. ഗൽവാൻ പ്രദേശത്തുനിന്നും ചൈന അവരുടെ കുറച്ചു സൈനികരെ പിൻവലിച്ചതിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കിയതിന്റെയും തെളിവുകളുണ്ടെന്ന് മുതിർന്ന സുരക്ഷാ ഓഫീസർ പറഞ്ഞു. ഇതിനു പിന്നിലെ ഉദ്ദേശ്യം ഞങ്ങൾക്ക് അറിയില്ല. കഴിഞ്ഞ ഏതാനും ദിവസമായി അവിടുത്തെ കാലാവസ്ഥ മോശമാണ്. ഗൽവാൻ നദി കവിഞ്ഞൊഴുകുകയാണ്. ഇതും പിൻമാറ്റത്തിനു കാരണമാകാമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, സേന പിൻമാറ്റം നടക്കുന്നുണ്ടെന്നും എത്ര ദൂരം പിൻമാറിയെന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ശരിയായ വിവരങ്ങൾ ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാവൂവെന്നും വൃത്തങ്ങൾ അറിയിച്ചു.

ഗൽവാനിലെ പട്രോൾ പോയിന്റ് 14ൽനിന്ന് നേരത്തെയും ചൈനീസ് സൈന്യം പിൻമാറിയിരുന്നുവെങ്കിലും വീണ്ടും വന്നതിനെ തുടർന്ന് ജൂൺ 15 ന് സംഘർഷമുണ്ടായി. ഇതിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. അതേസമയം, പാംഗോങ്ങിൽനിന്നും ചൈനീസ് സേന പിൻവാങ്ങിയിട്ടില്ല.

Read in English: India, China troops start stepping back at Galwan; disengagement also expected at Gogra, Hot Springs

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook