/indian-express-malayalam/media/media_files/uploads/2021/02/source-indian-army-Pangong-ladakh-india-china-lac.jpg)
ഫയൽ ചിത്രം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ(എല്‍ എ സി)യില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുഭാഗത്തയും ഏതാനും സൈനികര്‍ക്കു നിസാര പരുക്കേറ്റതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഡിസംബര്‍ ഒന്‍പതിനായിരുന്നു സംഭവം. ഇന്ത്യന്‍ സൈന്യം നിശ്ചയദാര്‍ഢ്യത്തോടെ ചൈനീസ് സൈനികരെ നേരിട്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
''ഡിസംബര്‍ ഒന്‍പതിനു ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (പി എല്‍ എ) സൈനികര്‍ തവാങ് സെക്ടറിലെ എല്‍ എ സിയിലെത്തി. നമ്മുടെ സൈന്യം നിശ്ചയദാര്‍ഢ്യത്തോടെ പോരാടി. ഏറ്റുമുട്ടലില്‍ ഇരുവശത്തെയും കുറച്ചുപേര്‍ക്ക് ചെറിയ പരുക്കുകള്‍ സംഭവിച്ചു,'' ബന്ധപ്പെട്ട വൃത്തം പറഞ്ഞു.
സംഭവത്തിനു പിന്നാലെ ഇരുവിഭാഗവും പ്രദേശത്തുനിന്ന് പിരിഞ്ഞുപോയതായി വൃത്തങ്ങള്‍ അറിയിച്ചു.
''സംഭവത്തെത്തുടര്‍ന്നു സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഘടനാപരമായ സംവിധാനങ്ങള്‍ക്കനുസൃതമായി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി മേഖലയിലെ നമ്മുടെ കമാന്‍ഡര്‍ ചൈനീസ് കമാന്‍ഡറുമായി ഫ്‌ളാഗ് മീറ്റിങ് നടത്തി,'' വൃത്തങ്ങള്‍ പറഞ്ഞു.
''അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ എല്‍ എ സിക്കു സമീപമുള്ള ചില പ്രദേശങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള മേഖലകളുണ്ട്. അതില്‍ ഇരുപക്ഷവും അവര്‍ അവകാശവാദം ഉന്നയിക്കുന്ന അതിര്‍ത്തി പ്രദേശത്ത് പട്രോളിങ് നടത്തുന്നു. ഇതു 2006 മുതലുള്ള പ്രവണതയാണ്,'' വൃത്തം പറഞ്ഞു.
കിഴക്കന്‍ തവാങ്ങിലെ യാങ്സി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണു വിവരം. ഇരുവശത്തും ഗുരുതരമായ പരുക്കുകളുണ്ടോയെന്നു വ്യക്തമല്ലെങ്കിലും 'ഉന്തിനും തള്ളിനും അപ്പുറമുള്ള' സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണഉ ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം.
മേഖലയില്‍ 2016 ജൂണില്‍ സമാനമായ അതിര്‍ത്തി ലംഘനം നടന്നിരുന്നു. ഏകദേശം 250 ചൈനീസ് സൈനികര്‍ അന്നു പ്രദേശത്ത് അതിക്രമിച്ചുകയറിയെങ്കിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
പര്‍വതനിരകളുള്ള യാങ്സി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന് ആധിപത്യമുണ്ടെന്നു വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് വശം വലിയതോതിൽ ഇന്ത്യന്‍ സൈനികരുടെ നിരീക്ഷണത്തിലാണ്. മലമുകളിലേക്കുള്ള ചൈനീസ് നീക്കങ്ങള്‍ ഇന്ത്യന്‍ സ്ഥലങ്ങളില്‍നിന്ന് വളരെ വ്യക്തമായി ദൃശ്യമാവും.
2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സംഭവത്തില്‍ 20 ഇന്ത്യന്‍ സൈനികരും കുറഞ്ഞത് നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ഈ വര്‍ഷം സെപ്റ്റംബറില്‍, കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര-ഹോട്ട്‌സ്പ്രിങ് മേഖലയിലെ പട്രോളിങ് പില്ലർ പതിനഞ്ചിൽനിന്ന് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പിന്തിരിഞ്ഞിരുന്നു. 2020 ഏപ്രില്‍ മുതല്‍ ഈ പ്രദേശത്ത് ഇരു സേനകളും ഏറ്റുമുട്ടല്‍ നിലയിലായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.