ബെയ്ജിങ്: ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ ഇരുരാജ്യങ്ങളും സമാധാനപരമായി കൈകാര്യം ചെയ്യണമെന്നും നിലവിലെ സംവിധാനത്തിലൂടെ ഇവ പരിഹരിക്കാൻ ശ്രമിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി സംബന്ധിച്ച് ഇന്ത്യയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനൈങ് പറഞ്ഞു.

ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യം ഹനിക്കപ്പെടാത്ത വിധത്തിൽ പരിഹാരം കണ്ടെത്തണം. ഈ വിഷയത്തിൽ ഉചിതമായ പരിഹാരം കാണുന്നതിന് ഇന്ത്യയുമായി ചർച്ചയ്ക്ക് ചൈന തയ്യാറാണ്. സാമ്പത്തിക ഇടനാഴിയുടെ കാര്യത്തിൽ ചൈനയുടെ നിലപാട് എന്താണെന്നുളളത് പലവട്ടം പറഞ്ഞു കഴിഞ്ഞതാണ്. ഒരു സാമ്പത്തിക സഹകരണ പദ്ധതിയാണിത്. മറിച്ച് ഇന്ത്യയെ ലക്ഷ്യമിട്ടുളളതല്ല. ഇത് ഇന്ത്യയ്ക്ക് മനസ്സിലാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയെക്കുറിച്ച് ഇന്ത്യയ്ക്ക് വലിയ ആശങ്കയാണുളളത്. ഈ ആശങ്ക മാറ്റാൻ ചൈന തയ്യാറാണ്. അതിന് ചൈനയുടെ ഭാഗത്തുനിന്നും മാത്രമല്ല ഇന്ത്യയുടെ ഭാഗത്തുനിന്നും ചർച്ചയ്ക്ക് താൽപര്യം കാട്ടണമെന്നും ഹുവ ചുനൈങ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ