ന്യൂഡൽഹി: സിക്കിമിലെ ഇന്ത്യൻ അതിർത്തിയിയിലെ സുരക്ഷയ്ക്കായി കരസേന കൂടുതൽ സൈനികരെ നിയോഗിച്ചു. ഇന്ത്യ- ചൈന തര്‍ക്കത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി സ്ഥലത്ത് പ്രതിസന്ധി നിലനില്‍ക്കുകയാണ്. 1962ലെ യുദ്ധത്തിന് ശേഷം ചൈനീസ് അതിര്‍ത്തിയില്‍ ഇത് ആദ്യമായാണ് ഇന്ത്യ ഇത്രയും സുരക്ഷയൊരുക്കുന്നത്. തറയിലേക്ക് തോക്ക് ചൂണ്ടിയ രീതിയിൽ മുന്നേറുന്ന നോൺ കോംബാറ്റീവ് മോഡിലാണ് സൈനികർ അതിർത്തിയിലേക്ക് തിരിച്ചിട്ടുള്ളത്.

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യയുടെ രണ്ട് ബങ്കറുകള്‍ ആക്രമിച്ച് തകര്‍ത്തതിന് പിന്നാലെയാണ് ഇന്ത്യ കൂടുതല്‍ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചത്. 2012ല്‍ ധോക്കാ ലെയിലെ ലാല്‍തെനില്‍ ഇന്ത്യ സ്ഥാപിച്ച രണ്ട് ബങ്കറുകള്‍ നീക്കം ചെയ്യണമെന്ന് ചൈനീസ് സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇതിന് തയ്യാറായിരുന്നില്ല.

പ്രദേശത്ത് വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തുന്നുണ്ട്. രണ്ട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് ബങ്കറുകള്‍ തകര്‍ത്തിരിക്കുന്നത്. ഇന്ത്യയ്ക്കോ ഭൂട്ടാനോ പ്രദേശത്തിന്റെ മേല്‍ അധികാരമില്ലെന്നും ചൈനയുടേതാണ് സ്ഥലമെന്നും അവകാശപ്പെട്ടായിരുന്നു നടപടി.

ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത്. മേഖലയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം തടയുമെന്ന് നിലപാടെടുത്ത ഇന്ത്യയോട് 1962ലെ യുദ്ധത്തിൽ നിന്നും പാഠം പഠിക്കണമെന്ന് ചൈന അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് തക്ക മറുപടിയുമായി ഇന്ത്യയും രംഗത്തെത്തി. അന്നത്തെ ഇന്ത്യയല്ല ഇപ്പോഴെന്നും ചൈന ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പ്രതിരേധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ