ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിങ്‌സ് മേഖലയിലെ പട്രോളിങ് പോയിന്റ് -15ല്‍ നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കി ഇന്ത്യയും ചൈനയും. ഇന്നുച്ചയോടെ നടപടികള്‍ പൂര്‍ത്തിയായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സെപ്റ്റംബര്‍ എട്ടിനു രാവിലെ 8.30 നാണ് ആരംഭിച്ച സൈനിക പിന്മാറ്റം പന്ത്രണ്ടാം തിയതിയോടെ പൂര്‍ത്തിയാക്കാനായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ധാരണ. ഇരു സേനകളുടെയും കമാന്‍ഡര്‍ തമ്മില്‍ നടന്ന പതിനാറാം വട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള ധാരണപ്രകരമാണു തീരുമാനം. എന്നാല്‍ ഒരു ദിവസം വൈകിയാണ് ആറു ദിവസം നീണ്ട സൈനിക പിന്മാറ്റം പൂര്‍ത്തിയായത്.
2020 ജൂണില്‍ ഗാല്‍വാനില്‍ നടന്ന ഏറ്റുമുട്ടല്‍ പോലുള്ള അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകരുതെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിപി-14ല്‍നിന്നുള്ള പിന്മാറ്റം. ഗാല്‍വാന്‍ സംഭവത്തെത്തുടര്‍ന്നു ഗോഗ്ര-ഹോട്‌സ്പ്രിങ്സ് പട്രോളിങ് പോയിന്റ് 15 ല്‍ രണ്ടു വര്‍ഷത്തിലേറെയായി ഇരു സൈന്യവും മുഖാമുഖം തുടരുകയായിരുന്നു.
കടന്നുകയറല്‍ അവസാനിപ്പിക്കല്‍, ഇരുവശത്തുമുള്ള സൈന്യം അതത് പ്രദേശങ്ങളിലേക്ക് മടങ്ങല്‍, എല്ലാ താല്‍ക്കാലിക നിര്‍മാണങ്ങളും മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും പൊളിച്ചുമാറ്റിയെന്നു പരസ്പരം ഉറപ്പുവരുത്തല്‍, സംഘര്‍ഷത്തിനു മുമ്പുള്ള സ്ഥിതിയിലേക്കു പ്രദേശത്തെ ഭൂഘടന പുനഃസ്ഥാപിക്കല്‍, ഘട്ടം ഘട്ടമായി ഏകോപിപ്പിച്ച് പരിശോധിച്ചുറപ്പിച്ചും സൈനിക മുന്നേറ്റം നിര്‍ത്തല്‍ എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സൈനിക പിന്മാറ്റം.
”ഇരുവശവും പ്രദേശത്ത് സൃഷ്ടിച്ചിട്ടുള്ള എല്ലാ താല്‍ക്കാലിക നിര്‍മാണങ്ങളും മറ്റു അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും പൊളിച്ചുനീക്കുമെന്നും ഇവ പരസ്പരം പരിശോധിക്കുമെന്നും ധാരണയിലെത്തി. പ്രദേശത്തെ ഇരുവശത്തെയും ഘടന സംഘര്‍ഷാവസ്ഥയ്ക്കു മുമ്പുള്ള കാലഘട്ടത്തിലേക്ക് പുനഃസ്ഥാപിക്കും,” എന്നാണു സൈനിക പിന്മാറ്റം ആരംഭിച്ചതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞയാഴ്ച പറഞ്ഞത്.
ഓരോ നീക്കവും ‘പരിശോധിക്കാന്‍’ പ്രാദേശിക സൈനിക കമാന്‍ഡര്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രദേശത്തെ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കാതെ ശാന്തമായ രീതിയില്‍ മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കാന്‍ കമാന്‍ഡര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായാണു വിവരം.
കഴിഞ്ഞയാഴ്ച ഇന്ത്യ-ജപ്പാന്‍ മന്ത്രിതല യോഗത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ടോക്കിയോയിലേക്കു പോകുന്നതിനു മുമ്പാണു പിപി-15ല്‍നിന്നുള്ള സൈനിക പിന്മാറ്റം സംബന്ധിച്ച തീരുമാനമെടുത്തത്. ഇരു മന്ത്രിമാരും രാജ്യത്തില്ലാത്ത സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സായുധ സേനയിലെ ഉന്നതര്‍ക്കൊപ്പം പിന്മാറ്റ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുകയായിരുന്നു.
സൈനിക പിന്മാറ്റ പ്രക്രിയ സുഗമമായും വിജയകരമായും പൂര്‍ത്തിയാക്കിയതോടെ, സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ഉച്ചകോടിയുടെ ഭാഗമായി സമര്‍ഖണ്ഡില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയ്ക്കു സാധ്യത തെളിഞ്ഞിരിക്കുകയാണ്. കൂടിക്കാഴ്ച ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബന്ധപ്പെട്ട വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല.
ഇതോടെ പാംഗോങ് ത്സോ തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങള്‍, പിപി-14, പിപി-15, പിപി-17എ ഉള്‍പ്പെടെ 2020 മേയ് മുതല്‍ ഇരു സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്ന മേഖലയിലെ കേന്ദ്രങ്ങ്‌ളില്‍നിന്നും സൈന്യങ്ങളെ പിന്‍വലിച്ചിരിക്കുകയാണ്. അതേസമയം, അതിര്‍ത്തിയുമായി ബന്ധപ്പെട്ട മറ്റു തര്‍ക്ക വിഷയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഡെപ്സാങ് സമതലങ്ങളിലും ചാര്‍ഡിങ് നല മേഖലയിലും യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപമുള്ള പതിവ് പട്രോളിങ് മേഖലകളിലേക്കുമുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവേശനം ചൈന തടയുന്നത് തുടരുന്നു.